യുക്രെയ്ൻ വിഷയത്തിൽ ചർച്ചയില്ലാതെ ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം സമാപിച്ചു. യുക്രെയ്ൻ യുദ്ധത്തെ ചൊല്ലിയുള്ള തർക്കത്തിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം തീരുമാനമാകാതെ അവസാനിക്കുകയായിരുന്നു. ജി20 അധ്യക്ഷനും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ മോദിയുടെ സമാധാന ആഹ്വാനം തള്ളിക്കൊണ്ടാണ് രാജ്യങ്ങൾ തമ്മിൽ തർക്കിച്ചത്. ജി 20 ധനമന്ത്രിമാരുടെ യോഗവും സമവായത്തിലെത്തിയിരുന്നില്ല.
രാജ്യങ്ങളുടെ സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ അംഗ രാജ്യങ്ങൾ ഒറ്റക്കെട്ടായി അഭിപ്രായം രേഖപ്പെടുത്തി. യുക്രെയിനിലെ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തിൽ യോജിപ്പുണ്ടായില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. യുക്രെയ്ൻ ആക്രമണത്തിലെ ആശങ്കയും രാജ്യാന്തര നിയമങ്ങൾ പാലിക്കണവുമെന്ന വിഷയത്തിലാണ് രാജ്യങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയത്. റഷ്യയും ചൈനയും എതിരഭിപ്രായം രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക വിവരം. യുഎസും റഷ്യയും തമ്മിൽ യുക്രെയ്ൻ വിഷയത്തിൽ പരസ്പരം ആരോപണങ്ങളുന്നയിക്കുകയും ചെയ്തു.
റഷ്യ, അമേരിക്ക, ചൈന, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിലാണ് സമ്മേളനം നടന്നത്. അതേസമയം വിദേശകാര്യ മന്ത്രിമാരുടെ യോഗം തീരുമാമെടുക്കാതെ പിരിഞ്ഞതിൽ ഇന്ത്യ അതൃപ്തി അറിയിച്ചു. ഉച്ചകോടി ലക്ഷ്യം കാണാതെ പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.