ആപ്പിളിന് ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്ന ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് ചൈന വിടാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ തെലങ്കാനയിലും മറ്റു പ്രദേശങ്ങളിലും കൂടുതൽ ഇലക്‌ട്രോണിക് ഉൽപാദന പ്ലാൻ്റുകൾ സ്ഥാപിക്കാനാണ് ശ്രമം. ഇതിലൂടെ രാജ്യത്ത് ഒരു ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക-ചൈന സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ചൈനയിലെ പ്ലാൻ്റുകളെല്ലാം ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
തെലങ്കാനയിൽ ഇലക്ട്രോണിക്‌സ് നിർമാണ കേന്ദ്രത്തിനായി ഫോക്സ്കോൺ വൻ തുക നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സംസ്ഥാനത്ത് 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് തെലങ്കാന ഐടി മന്ത്രി കെ.ടി. രാമറാവു അഭിപ്രായപ്പെട്ടിരുന്നു. തെലങ്കാന മുഖ്യമന്ത്രിയും ഫോക്‌സ്‌കോൺ ചെയർമാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം.
തയ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്‌സ്‌കോണിന് ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും പ്ലാൻ്റുകളുണ്ട്. സ്മാർട് ഫോൺ നിർമാണം കൂടാതെ ഫോക്‌സ്‌കോൺ ഇലക്ട്രിക് വാഹനങ്ങളുടെ പാർട്സുകൾ നിർമിക്കാനും പദ്ധതിയിടുന്നുണ്ട്. അതേസമയം മറ്റൊരു തയ്‌വാൻ കമ്പനി ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി ബെംഗളൂരു വിമാനത്താവളത്തിന് സമീപം 300 ഏക്കറിൽ ഐഫോൺ പാർട്സുകൾ നിർമിക്കുന്ന പ്ലാൻ്റ് സ്ഥാപിക്കാനും നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.