ചെന്നൈ: ഈ വർഷം ഇതുവരെ ഇന്ത്യയിൽ വിറ്റ ഇലക്ട്രിക്ക് വാഹനങ്ങളിൽ നാൽപ്പത് ശതമാനവും രജിസ്റ്റർ ചെയ്തത് തമിഴ്നാട്ടിലെന്ന് കണക്കുകൾ. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 10,44,600 ഇലക്ട്രിക് വാഹനങ്ങളാണ്. അതിൽ 4,14,802 വാഹനങ്ങളും വിറ്റുപോയത് തമിഴ്നാട്ടിലാണ്.
2025 ഓടെ ഒന്നര ലക്ഷം തൊഴിലവസരങ്ങൾ തമിഴ്നാട്ടിലെ ഇലക്ട്രിക്ക് വാഹനനിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തമിഴ്നാട് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.ഇലക്ട്രിക്ക് വ്യവസായ മേഖലയിൽ അരലക്ഷം കോടിയുടെ നിക്ഷേപമാണ് തമിഴ്നാട് പ്രതീക്ഷിക്കുന്നത്. 2030-ഓടെ രാജ്യത്ത് വിൽക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ 30 ശതമാനവും തമിഴ്നാട്ടിൽ നിർമ്മിക്കപ്പെടും എന്നാണ് കരുതുന്നതെന്നും സർക്കാർ വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ ജനുവരി മുതൽ സെപ്തംബർ വരെ വിറ്റു പോയ ഇലക്ട്രിക്ക് വാഹനങ്ങൾ 1,75,608 ലക്ഷം എണ്ണവും ഒല ഇലക്ട്രിക്ക് കമ്പനിയുടേതാണ്. 1,12,949 ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റ ടിവിഎസ് ആണ് വിൽപനയിൽ രണ്ടാം സ്ഥാനത്താണ്. ആതർ എനർജി 77,764 ഇലക്ട്രിക്ക് വാഹനങ്ങളും ആംപിയർ വെഹിക്കിൾസ് 41,757 വാഹനങ്ങളും ഇക്കാലയളവിൽ വിറ്റു.
ബെയ്ജിംഗ് ആസ്ഥാനമായ BYD ഇന്ത്യ 1,725 യൂണിറ്റുകൾ വിറ്റപ്പോൾ സ്റ്റെല്ലാന്റിസ് (PCA ഓട്ടോമൊബൈൽസ്) 1,533 യൂണിറ്റുകൾ വിറ്റു. ഇ-റോയ്‌സ് മോട്ടോഴ്‌സ് 1,242, ഹ്യുണ്ടായ് മോട്ടോർ 1,023, റീപ് മോട്ടോഴ്‌സ് 810, ടിഐ ക്ലീൻ മൊബിലിറ്റി 391 എന്നിങ്ങനെയാണ് മറ്റു ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപന കണക്ക്.
“തമിഴ്‌നാട് ഇപ്പോൾ ലോകത്തിന്റെ ഇവി തലസ്ഥാനമാകാനുള്ള ലക്ഷ്യത്തിലാണ്. ഇതിനോടകം തന്നെ ഓട്ടോ മൊബൈൽ രംഗത്ത് തമിഴ്നാടിന് ശക്തമായ സാന്നിധ്യമുണ്ട്. ഇതിൻ്റെ തുടർച്ചയായി ഇലക്ട്രിക്ക് വാഹനനിർമ്മാണരംഗത്തും മുന്നേറാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, മധുര, സേലം എന്നീ അഞ്ച് നഗരങ്ങളെ ഇവി ഹബ്ബുകളായി വികസിപ്പിക്കും.
പരിശീലനം ലഭിച്ച തൊഴിലാളികളുടെ വിപുലമായ ലഭ്യത, മികച്ച വിതരണ ശൃംഖല ശൃംഖല, ഊർജ്ജസ്വലമായ ഓട്ടോ, ഓട്ടോ-കോംപോണന്റ് നിർമ്മാണ സ്ഥാപനങ്ങളുടെ സാന്നിധ്യം എന്നിവ സംസ്ഥാനത്തെ ഇവി മേഖലയുടെ വളർച്ചയെ സഹായിക്കുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കായുള്ള നിർമ്മാണശൃംഖല ശക്തമാക്കുക. സെൽ സാങ്കേതികവിദ്യകൾ, ബാറ്ററികൾ, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ആവശ്യമായ ഘടകങ്ങളുടെ നിർമ്മാണം പ്രൊത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ ഇവി നയത്തിൻ്റെ സവിശേഷത.