മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ മുന്‍ ഐജി ലക്ഷ്മണയെയും മുന്‍ ഡിഐജി സുരേന്ദ്രനെയും പ്രതിചേര്‍ത്തു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് പൊലീസ് നടപടി. കേസില്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
മുന്‍ പൊലീസ് ഉദ്യഗസ്ഥര്‍ക്കെതിരെയും വഞ്ചനാകുറ്റമാണ് ചുമത്തിയത്. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസമാണ് സമാനമായ കുറ്റം ചുമത്തി കെ സുധാകരനെയും പ്രതിചേര്‍ത്തത്. മോന്‍സണ്‍ മാവുങ്കലിന് നല്‍കിയ 25 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ കെ സുധാകരന്‍ കൈപ്പറ്റിയെന്ന പരാതിയിലായിരുന്നു നടപടി. സുധാകരനെ മറ്റന്നാള്‍ കൊച്ചിയില്‍ ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. അനൂപ് എന്നയാളാണ് മോന്‍സണെതിരെ പരാതി നല്‍കിയത്. താന്‍ നല്‍കിയ 25 ലക്ഷത്തില്‍ 10 ലക്ഷം കെ സുധാകരന്‍ കൈപ്പറ്റി. പാര്‍ലമെന്റ് ഫിനാന്‍സ് കമ്മിറ്റിയെക്കൊണ്ട് മോന്‍സണ്‍ മാവുങ്കലിന്റെ വിദേശത്ത് നിന്നെത്തിയ പണം വിടുവിക്കാമെന്ന് പറഞ്ഞാണ് സുധാകരന്‍ പണം കൈപ്പറ്റിയതെന്നാണ് മൊഴി.
ബുധനാഴ്ച കളമശ്ശേരി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ. സുധാകരനോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. സി.ആര്‍.പി.സി 41 എ വകുപ്പ് പ്രകാരമാണ് കെ. സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. മോന്‍സണ്‍ കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോന്‍സന്റെ വീട്ടില്‍ കെ. സുധാകരന്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറാനെത്തിയപ്പോള്‍ കെ. സുധാകരന്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു.
എന്നാല്‍ ആയുര്‍വേദ ചികിത്സയുടെ പേരിലാണ് താന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയതെന്നും തട്ടിപ്പിനെ കുറിച്ചൊന്നും അറിവില്ലായിരുന്നെന്നുമാണ് സുധാകരന്‍ പറഞ്ഞിരുന്നത്.