ഭൂകമ്പത്തിന്റെ ഭീതി ഒഴിയും മുൻപേ സിറിയയ്ക്ക് നേരെ ആക്രമണവുമായി ഇസ്രായേൽ. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലുണ്ടായ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒരു അപ്പാർട്ട്മെന്റ് തകർന്നതായി റിപ്പോർട്ടുണ്ട്.
അതേസമയം തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്നാൽ ആക്രമണം സംബന്ധിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡമാസ്കസിൽ ആദ്യമായല്ല ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടാവുന്നത്.
അതേസമയം ഫെബ്രുവരി ആറിന് ഭൂകമ്പമുണ്ടായതിന് ശേഷം ആദ്യമായാണ് ഇസ്രായേൽ ഇത്തരമൊരു ആക്രമണത്തിന് മുതിരുന്നത്. ഇതിന് മുമ്പ് സിറിയൻ തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതേതുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.