സുഡാനിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരുമായി ആദ്യ കപ്പൽ ജിദ്ദയിലേക്ക് പുറപ്പെട്ടു. കലാപം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യമാണ് ഓപറേഷൻ കാവേരി.നാവിക സേനയുടെ ഐ എൻ എസ് സുമേധ പടക്കപ്പൽ 278 യാത്രക്കാരുമായാണ് സുഡാൻ തുറമുഖത്തു നിന്നും സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്തേക്ക് പുറപ്പെട്ടത്.
മൂവായിരത്തോളം ഇന്ത്യക്കാരാണ് വിവിധയിടങ്ങളിലായി സുഡാനിൽ കുടുങ്ങിക്കിടക്കുന്നത്. അതിൽ അഞ്ഞൂറോളം പേരെ ഇതിനോടകം തന്നെ സുഡാൻ തുറമുഖത്തെത്തിച്ചു കഴിഞ്ഞു. രക്ഷാ ദൗത്യത്തിന്റെ ആദ്യ കപ്പലാണ് ജിദ്ദയിൽ നിന്നും പുറപ്പെട്ടത്. വ്യോമസേനയുടെ രണ്ട് സി- 130 വിമാനങ്ങളും രക്ഷാദൗത്യത്തിനായി സുഡാനിൽ സജ്ജമാണ്.
ഓപറേഷൻ കാവേരിയുടെ ചുമതലയുള്ള കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയിരുന്നു. സുഡാൻ സൈന്യവും അർദ്ധ സൈനികരും തമ്മിലുള്ള കലാപം കാരണം സുഡാനിൽ സ്ഥിതിഗതികൾ മോശമായി തന്നെ തുടരുന്നു.