മലയാള സിനിമ ലോകത്ത് അനശ്വര കഥാപാത്രങ്ങളൊരുക്കിയ നടനാണ് ഇന്നസെന്റ്. അച്ഛനായും ജേഷ്ഠനായും കാരണവരായും ഉറ്റ സുഹൃത്തായും അദ്ദേഹം നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും വേദനിപ്പിച്ചും മനസിൽ ഇടം നേടി. ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ‘വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല, പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നത്. ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും, എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും’, മോഹൻലാൽ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
വാക്കുകൾ മുറിയുന്നു.. കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്, എന്ന് ഓർമ്മപ്പെടുത്തുകയാണ് നടൻ ദിലീപും. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു. കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു എന്നും ദിലീപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
‘മായില്ലൊരിക്കലും’ എന്നാണ് ജഗതി ശ്രീകുമാറിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ കുറിച്ചിരിക്കുന്നത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ചിരികള്‍ സമ്മാനിച്ചതിന് നന്ദി എന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നസെന്റിന്റെ നിര്യാണം സിനിമാ ചരിത്രത്തിലെ ഐതിഹാസിക അധ്യായത്തിന്റെ അവസാനമാണെന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞു. ആത്മശാന്തി നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നസെന്റ് ചേട്ടന് താന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ലെന്ന് നടന്‍ സലീം കുമാര്‍ പ്രതികരിച്ചു. മരിച്ചുപോയെന്നും വിശ്വസിക്കുന്നില്ല. ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തുകൊണ്ടേയിരിക്കുമെന്നും സലീം കുമാര്‍ പറഞ്ഞു.