ലോകം ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ഇനി നൂറിൽ താഴെ ദിനങ്ങൾ മാത്രം. അറബ് നാട് ആദ്യമായി ഫിഫ ലോകകപ്പിന് ആതിഥേയരാകുന്നു എന്ന പ്രത്യേകതയോടൊപ്പം പ്രസക്തമാണ് ഏറ്റവും കൂടുതൽ മലയാളികൾ നേരിട്ട് വീക്ഷിക്കാൻ പോകുന്ന ലോകകപ്പായിരിക്കും ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഈ കായികമാമാങ്കമെന്നത്.. ഈ ലോകകപ്പിനെ മലയാളികളുടെ കൂടി ലോകകപ്പാക്കി മാറ്റുന്നതും അതാണ്.
കഴിഞ്ഞ ഒരു വർഷത്തിലധികമായി ഖത്തറിൽ താമസിക്കുന്ന ഒരാളെന്ന നിലക്ക് ഈ കൊച്ചുരാജ്യം ലോകകപ്പിനായി ഒരുങ്ങുന്നതിന്റെ വ്യാപ്തി അനുഭവിച്ചറിയുന്ന ഒരാളാണ് ഞാൻ. പശ്ചാത്തലമേഖലയും വിവരസാങ്കേതികവിദ്യകളും സ്റ്റേഡിയം അടക്കമുള്ള പ്രത്യക്ഷ സൗകര്യങ്ങളും ഒരുക്കുന്നതിൽ കുറേനാളുകളായി അത്രമേൽ ശ്രദ്ധകേന്ദ്രീകരിച്ചും മികച്ചതിൽ മികച്ചതാക്കി പുതുക്കിയും ഈ രാജ്യം അതിന്റെ നാൾവഴികളിലെ ഏറ്റവും സമർത്ഥമായ സംഘാടനത്തിലേക്കുള്ള യാത്രയിലാണ്.
ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് ഖത്തർ. പെട്രോളിയം ഉത്പന്നങ്ങളാൽ പ്രത്യേകിച്ച് ദ്രവീകൃത വാതകത്താൽ സമ്പന്നമായ ഒരു രാഷ്ട്രമാണ് ഖത്തർ. വളരെ ചെറിയ രാജ്യമാണെങ്കിലും സമ്പന്നവും ആധുനിക ലോകക്രമത്തിൽ നിർണായക പ്രാധാന്യമുള്ള ഇടം ഖത്തർ അതിന്റെ നയതന്ത്ര -രാഷ്ട്രീയ ഇടപെടലുകളിലൂടെ സ്വായത്തമാക്കിയിട്ടുണ്ട്. ഉപരോധമടക്കമുള്ള വെല്ലുവിളികളെ അത്രമേൽ മികച്ച സംഘാടനത്തിലൂടെയും ഭരണത്തിലൂടെയും ഭാവനസമ്പന്നമായ പദ്ധതികളിലൂടെയും മറികടന്ന മികവിന്റെ പേരുകൂടിയാണ് ഖത്തർ. ഒരുനാടിനെ സ്വയംപര്യാപ്തമാക്കാൻ ഏറെക്കുറെ അതിലൂടെ സാധിച്ചു എന്നതാണ് ഖത്തർ നേടിയ ഒന്നാമത്തെ നേട്ടം.
മുപ്പതുലക്ഷം ടിക്കറ്റുകളാണ് ഖത്തർ ലോകകപ്പിൽ ആകെയുള്ളത്. സിംഹഭാഗവും ഇതിനകം വിറ്റുകഴിഞ്ഞു. 2010 ഡിസംബറിലാണ് 2022 ലോകകപ്പിന്റെ വേദിയായി ഖത്തറിനെ ഫിഫ പ്രഖ്യാപിക്കുന്നത് നവംബർ പതിനെട്ടിന് അൽഖോറിലെ സ്റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടുമ്പോൾ സാർത്ഥകസഫലീകരണത്തിലേക്കെത്തുന്നത് ഒരു രാജ്യം പന്ത്രണ്ടുവർഷമായി കൊണ്ടുനടക്കുന്ന ഒരുകിനാവിനാണ്.
എട്ടുവേദികളിലായിട്ടാണ് മത്സരങ്ങൾ സജ്ജീകരിച്ചിരിക്കുന്നത് . എല്ലാ സ്റ്റേഡിയങ്ങളും സജ്ജമായിക്കഴിഞ്ഞു. ഈ ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് സ്റ്റേഡിയങ്ങൾ തമ്മിലുള്ള ദൂരമാണ്. രണ്ടുസ്റ്റേഡിയങ്ങൾ തമ്മിലുള്ള പരമാവധി അകലം 100 കിലോമീറ്ററിൽ താഴെയാണ്. അവയെ പരസ്പരം ബന്ധിപ്പിക്കുന്ന പൊതുഗതാഗത സംവിധാനം സജ്ജമായിക്കഴിഞ്ഞു. ഏറ്റവും സുശക്തവും ഗുണനിലവാരവുമുള്ള പൊതുഗതാഗത സംവിധാനമുള്ള ഇടമാണ് ഖത്തർ. മെട്രോ സംവിധാനവും ബസുകളും വളരെ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം പ്രദാനം ചെയ്യുന്നുണ്ട്. ആ ഗതാഗതസംവിധാനത്തിന്റെ കരുത്തുകൂടി ഒരുപക്ഷെ ലോകകപ്പിൽ നമുക്ക് കാണാൻ സാധിക്കും. ടെസ്റ്റ് ഡ്രൈവുകളടക്കമുള്ള മുന്നൊരുക്കങ്ങളുമായി അവ സജ്ജമാണ്. മൂവായിരത്തോളം ബസുകളാണ് ഫുട്ബോൾ പ്രേമികളെയും വഹിച്ചുകൊണ്ടുള്ള യാത്രകൾക്കായി ഒരുങ്ങുന്നത്. ഹയ കാർഡുള്ള കായികപ്രേമികൾക്ക് സൗജന്യ യാത്രാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
പതിനഞ്ചു ലക്ഷത്തോളം കായികപ്രേമികളിലെങ്കിലും ഖത്തറിലെത്തുമെന്നാണ് കണക്ക്. ഇവർക്കായുള്ള താമസസൗകര്യങ്ങളും സജ്ജമായിക്കഴിഞ്ഞു. ഹോട്ടലുകളും, മരുഭൂമിയിലെ കാമ്പുകളും, ക്രൂയിസ് ഷിപ്പുകളുമൊക്കെയായി ഖത്തർ സജ്ജമാണ്. കുറ്റമറ്റ രീതിയിൽ കാൽപന്തുകളിയുടെ ലോകമാമാങ്കത്തെ വരവേൽക്കുകയാണ് അറബ് നാട് ..
ഏറെ സവിശേഷമായ മറ്റൊരുകാര്യം ഈ ലോകകപ്പിലെ മലയാളി സാന്നിധ്യമാണ്. ഏറ്റവുംകൂടുതൽ മലയാളികൾ പ്രവാസികളായുള്ളത് അറബ് നാടുകളിലാണ്. ആ അതിന്റെ ഒരു പരിച്ഛേദം ഖത്തറിലും നമുക്ക് കാണാം. 2012-ൽ ഖത്തറിനായി ലോകകപ്പ് ആതിഥേയത്വം ഫിഫ സമ്മാനിക്കുന്ന നാൾമുതൽ ഇങ്ങോട്ടുള്ള ഓരോ ചുവടിലും മലയാളിയുടെ വിയർപ്പിന്റെ മണവും അധ്വാനത്തിന്റെ കഥയുമുണ്ട്. ഈ ലോകകപ്പിന്റെ ഭാഗമായ ഓരോ സ്ഥാപനങ്ങളിലും മലയാളികളുടെ സാന്നിധ്യം കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇന്നോളം നടന്ന ലോകകപ്പുകളിൽ ഏറ്റവുമധികം മലയാളികളുടെ അധ്വാനത്തിന്റെ അംശമുള്ള ലോകകപ്പായിരിക്കും ഖത്തറിൽ നടക്കുന്നതെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം.
ഫുട്ബോൾ മാമാങ്കമെന്നത് മലയാളികളുടെ രക്തത്തിൽ അലിഞ്ഞുചേർന്ന, അർജന്റീനയും ബ്രസീലും, ജർമനിയും, ഫ്രാൻസുമെല്ലാം മലയാളികളുടെ സ്വന്തം ടീമായി പരിണമിക്കുന്ന മലയാളിയുടെ ഫുട്ബാൾ സ്പിരിറ്റെന്നത് അത്രമേൽ പ്രസിദ്ധവുമാണല്ലോ. ആ കാണികളുടെ വലിയൊരു പരിഛേദത്തെ ഇത്തവണ സ്റ്റേഡിയത്തിലും കാണാൻ സാധിക്കും. ഏറ്റവും കൂടുതൽ മലയാളികൾ സ്റ്റേഡിയത്തിലിരുന്നു മത്സരം വീക്ഷിക്കാൻ പോകുന്ന ലോകകപ്പെന്ന സവിശേഷതയും ഇത്തവണത്തെ ലോകകപ്പിനുണ്ട് …
ലോകകപ്പിനായുള്ള എല്ലാ മുന്നൊരുക്കങ്ങളിലും സംഘടനത്തിന്റെ ആ “ഖത്തർ ടച്ച്” കാണാം .. ഒരു നാടിൻറെ പന്ത്രണ്ടുവർഷമായുള്ള അക്ഷീണപരിശ്രമത്തിന്റെ ഫലത്തിനിനി മാസങ്ങൾ മാത്രം. ഇടയിൽ വന്ന സകല പ്രതിസന്ധികളെയും വെല്ലുവിളികളെയും ഇച്ഛാശക്തിയോടെ നേരിട്ടൊരു രാജ്യം കുറ്റമറ്റ നിലയിൽ സംഘാടനം നടത്തുമ്പോൾ ആ രാജ്യത്തെ ഒരു പ്രവാസിയെന്ന നിലയിൽ അഭിമാനമുണ്ട്.