കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ദില്ലി ചലോ’ മാര്‍ച്ചിനിടെ സംഘര്‍ഷം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെത്തിയ കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലിസ് വലിയ തോതില്‍ കണ്ണീര്‍ വാതകം ഉപയോഗിച്ചു. നൂറ് കണക്കിന് കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ചും കണ്ണീര്‍ വാതകം പ്രയോഗിച്ചു.
നേരത്തെ ഇവിടെ നിന്ന് കര്‍ഷകരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കര്‍ഷക സമരത്തിന്റെ കാലത്ത് എടുത്തിയ കേസുകള്‍ പിന്‍വലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, താങ്ങുവില നിയമനിര്‍മാണം നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, വൈദ്യുത ബോര്‍ഡുകള്‍ സ്വകാര്യവത്കരിക്കരുത് എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരമുഖത്തേക്ക് എത്തിയിരിക്കുന്നത്.
ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലും കേന്ദ്രം 144 പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കര്‍ഷക സമരത്തിന് എഎപി സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. ബവാന സ്റ്റേഡിയം ജയിലാക്കണമെന്ന കേന്ദ്ര ആവശ്യം ഡല്‍ഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് തള്ളിയിട്ടുണ്ട്.