രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് ഫരീദാബാദ് രൂപത അധ്യക്ഷന്‍ കുര്യാക്കോസ് ഭരണികുളങ്ങര. ക്രൈസ്തവരുടെ ആശങ്ക രാഷ്ട്രപതിയെ അറിയിച്ചു. കേരളത്തിലെ സാഹചര്യമല്ല പുറത്ത്. ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഛത്തീസ്ഗഡിലെ സംഭവത്തില്‍ അടക്കം ഇപ്പോഴും ആളുകള്‍ ജയിലില്‍ ആണ്. ഭരണ സംവിധാനത്തോട് നല്ല ബന്ധം തുടരാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് കൂടിക്കാഴ്ച. തന്നാലാകും വിധം ഇടപെടാന്‍ ശ്രമിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചിട്ടുണ്ട്. അതേസമയം വോട്ടുബാങ്ക് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒന്നും തന്നെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നീക്കങ്ങള്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്. ഭരണാധികാരികളുമായി ചര്‍ച്ച നടത്തുന്നത് പ്രതിപക്ഷം എതിര്‍ക്കുന്നത് സ്വാഭാവികമാണ്. ആരുടെയെങ്കിലും ഉള്ളില്‍ ഇരുപ്പ് വേറെ ആണെങ്കില്‍ അത് പുറത്തുവരട്ടെയെന്നും ബിഷപ്പ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഇടപെടല്‍ പോസിറ്റീവ് ആയി കാണുന്നു. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ ശ്രമിക്കും. മുമ്പ് ഇത്തരം ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.