ചരിത്രത്തിൽ ഇടം നേടിയ നല്ലതും മോശവുമായി നിരവധി സംഭവങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടാണ് 2022 അവസാനിക്കുന്നത്. വിവിധ മേഖലകളിൽ ലോകശ്രദ്ധ നേടിയ സംഭവങ്ങൾ നോക്കാം…
അധികാരം
ഒക്ടോബറിൽ ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടൻ പ്രധാനമന്ത്രിയായി. ബ്രിട്ടൻ കണ്ട ഏറ്റവും ധനികനായ പ്രധാനമന്ത്രിമാരിലൊരാൾ എന്ന വിശേഷണം സുനകിന് തന്നെയാണ്.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജൂലൈ 25ന് ഒരു ഗോത്രവനിത രാഷ്ട്രത്തിൻ്റെ പരമോന്നതപദവിയായ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തി. ദ്രൌപദി മുർമു ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി.
കായികം
ഖത്തറിലേക്ക് ലോകജനത ഒഴുകിയെത്തിയ ലോകകപ്പ് ഫുട്ബോൾ ആഘോഷമായിരുന്നു. 36 വർഷത്തിന് ശേഷം അർജൻ്റീനയും ഇതിഹാസതാരം ലയണൽ മെസ്സിയും ലോകകിരീടത്തിൽ മുത്തമിട്ട വർഷമെന്ന് തന്നെ 2022നെ ഓർമ്മിക്കും.
മരണം
ഏഴ് പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച രാജ്ഞി എലിബത്ത് രണ്ടാമൻ സെപ്റ്റംബർ 8ന് വിടവാങ്ങി. 70 വർഷവും 214 ദിവസവും ഭരണത്തിലിരുന്ന ശേഷമാണ് അന്ത്യം.
ജപ്പാൻ്റെ തലവര മാറ്റിയ ആബെ ഷിൻസോ ജൂലൈ 8ന് കൊല്ലപ്പെട്ടു. ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രിയായിരുന്നയാണ് ആബെ ഷിൻസോ.
വിവാദങ്ങളും പ്രക്ഷോഭങ്ങളും
2022 ഫെബ്രുവരി 24ന് റഷ്യ ഉക്രൈൻ്റെ മേഖലകളിലേക്ക് അതിക്രമിച്ചുകയറി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിന് യുദ്ധം കാരണമായി. ഉക്രൈൻ ഇപ്പോഴും ചെറുത്തുനിൽപ്പ് തുടരുകയാണ്.
മഹ്സ അമിനിയുടെ മരണം ഇറാനിൽ പ്രക്ഷോഭം ആളിപ്പടർന്നു. നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് സെപ്റ്റംബർ 16ന് മഹ്സയെ ഇറാനിലെ മതപൊലീസ് അറസ്റ്റ് ചെയ്തത്. 2 മാസത്തോളം 300ഓളം പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു.
മാർച്ച് 28ന് ഓസ്കാർ വേദിയിൽ ഹോളിവുഡ് സൂപ്പർ താരവും ഓസ്കർ ജേതാവുമായ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന് നൽകിയ അടി ലോകം മുഴുവൻ ചർച്ചയായി. ഭാര്യയുടെ രൂപത്തെ പരിഹസിച്ച അവതാരകനോടായിരുന്നു സ്മിത്തിൻ്റെ രോഷം. പത്ത് വർഷത്തേക്കാണ് ഓസ്കർ വേദിയിൽ നിന്ന് വിൽ സ്മിത്തിനെ വിലക്കിയിരിക്കുന്നത്.
കാലാവസ്ഥ
ലോകത്തിന് പ്രതീക്ഷയേകി ഒരു കാലാവസ്ഥാ ഉച്ചകോടി നടന്നു. കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ നേരിടാൻ സഹായിക്കുമെന്ന് സമ്പന്ന രാജ്യങ്ങൾ വാഗ്ദാനം നൽകിയതാണ് പ്രധാന നേട്ടം.
ലോകജനസംഖ്യ 800 കോടി കവിഞ്ഞിരിക്കുന്നു. മനുഷ്യകുലത്തിൽ ജീവനോടൊയുള്ളവരുടെ ഔദ്യോഗിക സംഖ്യയാണിത്. നവംബർ 15നായിരുന്നു ആ നാഴികകല്ല് പിന്നിട്ടത്.
കൊവിഡ്
കൊവിഡ് പ്രതിസന്ധികൾ മാറി സാധരണ ജനങ്ങൾ 2022ൽ ആഘോഷം തിരിച്ചുപിടിച്ചു. ഓണവും വിഷുവും പെരുന്നാളും ഈസ്റ്ററും ക്രിസ്തുമസുമൊക്കെ പരിമിധികളില്ലാതെ ആഘോഷിച്ചു. അടച്ചു പൂട്ടിയിരുന്ന അതിർത്തികൾ ലോകരാഷ്ട്രങ്ങൾ പരസ്പരം തുറന്നു കൊടുത്തു.
2023ൽ ആശങ്കക്ക് വഴിവെട്ടിയാണ് 2022 കടന്നു പോകുന്നത്. ചൈനയിൽ വീണ്ടും കൊവിഡ് പിടിമുറുക്കിയത് അടച്ചുപൂട്ടലിന് കാരണമാകുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച ജനതയ്ക്ക് 2023ലും കൊവിഡിനെ പിടിച്ചുകെട്ടാനാവും എന്ന് പ്ര്യത്യാശിക്കാം.