ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേരളം വിടരുതെന്നടക്കമുള്ള 11 ഉപാധികൾ വെച്ചാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഒക്ടോബർ 22നും നവംബർ 1നും ഇടയില്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, അഞ്ച് ലക്ഷം രൂപ ജാമ്യത്തുക അല്ലെങ്കിൽ തത്തുല്യമായ രണ്ട് ആൾ ജാമ്യം, മൊബൈൽ ഫോണും പാസ്‍പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ പോസ്റ്റിടരുത്, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോസ്ഥർക്ക് നൽകണം, സമാന കുറ്റങ്ങളിൽ ഏർപ്പെടാൻ പാടില്ല എന്നിവയാണ് ഉപാധികൾ.
എൽദോസ് യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് ആദ്യം കേസെടുത്തത്. പിന്നീട് യുവതിയുടെ മൊഴിയിലാണ് ബലാത്സംഗക്കുറ്റം കൂടി ചുമത്തിയത്. ഇതിന് ശേഷമായിരുന്നു ജാമ്യ ഹർജിയിൽ വാദം പൂർത്തിയായത്. ഇതോടെ എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു. എൽദോസിനെതിരെ കൂടുതൽ വകുപ്പ് ചുമത്തിയതായി പൊലീസ് കോടതിയെ അറിയിച്ചു. യുവതിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ് നിലവിൽ എംഎൽഎയ്ക്ക് എതിരായ വകുപ്പുകൾ.
കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ കെപിസിസിക്ക് വിശദീകരണം നൽകിയതായി നേതാക്കൾ അറിയിച്ചു. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസ് നൽകിയ വിശദീകരണം. പി ആർ ഏജൻസി ജീവനക്കാരിയായിട്ടാണ് യുവതിയെ പരിചയപ്പെട്ടതെന്നും ഇവർക്കെതിരെ നിരവധി കേസുകളുണ്ടെന്നും എല്‍ദോസ് വീശദീകരിച്ചിട്ടുണ്ട്. പാർട്ടി നടപടി എടുക്കും മുൻപ് തൻ്റെ വിശദീകരണം കൂടി കേൾക്കണമെന്നും കെപിസിസിക്ക് നല്‍കിയ മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എംഎല്‍എയുടെ വിശദീകരണം പരിശോധിക്കുമെന്നും മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് തുടര്‍ നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. എൽദോസ് നൽകിയ വിശദീകരണം അതുപോലെ അംഗീകരിക്കില്ലെന്നും പാർട്ടി അന്വേഷിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.