ഓസ്ട്രേലിയയിൽ വീട്ടിൽ വളർത്തിയിരുന്ന കംഗാരുവിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ റെഡ്മോണ്ട് എന്ന പ്രദേശത്താണ് ദാരുണമായ സംഭവം ഉണ്ടായത്. പരിക്കു പറ്റിയ ഇയാളെ അടുത്ത ബന്ധു കാണുകയും ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ആംബുലൻസ് എത്തുന്നതിന് മുൻപേ മരിക്കുകയായിരുന്നു. 86 വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ് കംഗാരുക്കളിൽ നിന്നും ഇത്തരത്തിലുള്ള മാരക ആക്രമണം ഉണ്ടാവുന്നതെന്ന് ഓസ്ട്രേലിയൻ പോലീസ് പറഞ്ഞു.
അപകടമറിഞ്ഞ് സഹായിക്കാനായി വീട്ടിലേക്കോടിയെത്തിയവരെ മുറ്റത്ത് നിന്ന കംഗാരു തടഞ്ഞു. പിന്നീട് പോലീസെത്തി അതിനെ വെടിവച്ചു കൊന്നതിനു ശേഷമാണ് രോഗിയെ പരിചരിക്കാനായത്. പടിഞ്ഞാറൻ ഓസ്ട്രേലിയ ‘വെസ്റ്റേൺ ഗ്രേ’ എന്ന വിഭാഗത്തിൽപ്പെട്ട കംഗാരുക്കളുടെ കേന്ദ്രമാണ്. ആൺ വെസ്റ്റേൺ ഗ്രേയ്ക്ക് ഏഴടിയിലധകം ഉയരവും 70 കിലോഗ്രാം ഭാരവും ഉണ്ടാവും. കൊല്ലപ്പെട്ട വയോധികൻ വളർത്തിയിരുന്നത് ഈ വിഭാഗത്തിൽപെട്ട കംഗാരുവിനെയായിരിക്കാമെന്ന് പോലീസ് സൂചിപ്പിച്ചു.





