ഖത്തറില്‍ ചാരക്കേസില്‍ അറസ്റ്റിലായി വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് നാവിക സേന ഉദ്യോഗസ്ഥരെ വിട്ടയച്ചു. മോചിപ്പിക്കപ്പെട്ടവരില്‍ ഏഴ് പേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. മുന്‍ നാവികരുടെ വധശിക്ഷ നേരത്തെ ഖത്തര്‍ റദ്ദാക്കിയിരുന്നു.
ക്യാപ്റ്റന്‍ നവ്‌തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരായിരുന്നു ശിക്ഷ നേരിട്ടത്. ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ സ്വകാര്യ കമ്പനിയായ അല്‍ ദഹ്‌റയില്‍ ജോലിചെയ്യവേ 2022 ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരെ വെറുതെ വിട്ട ഖത്തര്‍ അമീറിന്റെ നിലപാടില്‍ ഇന്ത്യ നന്ദി അറിയിച്ചു.
#WATCH | Delhi: Qatar released the eight Indian ex-Navy veterans who were in its custody; seven of them have returned to India. pic.twitter.com/yuYVx5N8zR
— ANI (@ANI) February 12, 2024
മുങ്ങിക്കപ്പല്‍ നിര്‍മാണ രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തിനല്‍കിയെന്നാണ് ഇവര്‍ക്കതെിരെ ഉയര്‍ന്ന ആരോപണം. 2023 മാര്‍ച്ചില്‍ നടന്ന വിചാരണയ്ക്ക് ശേഷം ഒക്ടോബര്‍ 26നായിരുന്നു ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.
ദുബായില്‍ നടന്ന കോപ് 28 ഉച്ചകോടിക്കിടെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡിസംബറില്‍ നാവിക സേന ഉദ്യോഗസ്ഥരുടെ വധഷശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.