സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ ദേശീയ പദവി നഷ്ടമായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. 2014, 2019 വർഷങ്ങളിലെ സീറ്റ് നില, വോട്ട് ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ബംഗാളിലും സംസ്ഥാനപാർട്ടി സ്ഥാനം നഷ്ടമായതോടെയാണ് സി പി ഐ ദേശീയ പാർട്ടി അല്ലാതായത്.
കേരളത്തിലും തമിഴ്നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്കു സംസ്ഥാന പാർട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാർട്ടി പദവി ഇല്ലാതായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിക്ക് ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുണ്ട്. ദേശീയ പദവി സ്ഥാനം നഷ്ടമായതോടെ മറ്റ് സംസ്ഥാനങ്ങളിൽ സി പി ഐക്ക് തെരഞ്ഞെടുപ്പ് ചിഹ്നമടക്കം നഷ്ടമാകും. ഇതോടെ രാജ്യത്ത് ആറ് പാർട്ടികൾക്ക് മാത്രമാണ് നിലവിൽ ദേശീയ പദവിയുള്ളത്. ബി ജെ പി, കോൺഗ്രസ്, സി പി എം, ബി എസ് പി, എൻ പി പി എന്നിവയാണ് എ എ പിയെ കൂടാതെയുള്ള പാർട്ടികൾ.
ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് ദേശീയ പദവി നൽകുന്നത്. ഒരു പാർട്ടിക്ക് 4 സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടി പദവി ലഭിച്ചാൽ ദേശീയ പാർട്ടി പദവി ലഭിക്കും. 3 സംസ്ഥാനങ്ങൾ കൂട്ടിയോജിപ്പിച്ച് ഒരു പാർട്ടി ലോക്‌സഭയിൽ 3 ശതമാനം സീറ്റ് നേടിയാൽ. അതായത് 11 സീറ്റുകൾ നേടേണ്ടത് അനിവാര്യമാണ്. എന്നാൽ ഈ സീറ്റുകൾ കേവലം ഒരു സംസ്ഥാനത്ത് നിന്നുള്ളതാകരുത്, മറിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാർട്ടിക്ക് 4 ലോക്‌സഭാ സീറ്റുകൾക്ക് പുറമേ 4 സംസ്ഥാനങ്ങളിൽ 6% വോട്ടുകൾ ലഭിച്ചാൽ ഒരു ദേശീയ പാർട്ടിയായി കണക്കാക്കപ്പെടും.