തായ്വാനിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. തായ്വാൻ്റെ തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ചയാണ്(ഇന്ന്) റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് 2.44ഓടെയായിരുന്നു ഭൂകമ്പം. ഇതോടെ സുനാമി ഉണ്ടാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഭൂകമ്പത്തിൽ ഒരു കെട്ടിടവും അപ്പാടെ തകർന്നുവീണു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഡോംഗ്ളി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഭാഗികമായി തകർന്നുവീണ് സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിലെ മൂന്ന് ബോഗികളും വേർപെട്ടുപോയി. ട്രെയിനിലുണ്ടായിരുന്ന 20 യാത്രക്കാരെ രക്ഷപ്പെടുത്തി.
കടൽത്തീരത്തിനു സമാന്തരമായി, ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റർ ചുറ്റളവിൽ സുനാമിത്തിരകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.