അറ്റകുറ്റപ്പണികൾക്ക് വേണ്ടി ദുബായിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഏപ്രിൽ 17 മുതൽ അഞ്ചാഴ്ചത്തേക്ക് അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമ്പോൾ അൽ മക്തൂം പാലത്തിൽ സാലിക്ക് നിരക്കുകൾ ബാധകമായിരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
പ്രവൃത്തിദിവസങ്ങളിൽ അൽ മക്തൂം പാലത്തിലെ ടോൾ ഫ്രീ സമയം (തിങ്കൾ മുതൽ വെള്ളി വരെ) രാത്രി 10 മുതൽ രാവിലെ 6 വരെ മാത്രമേ ബാധകമാകൂ. ശനിയാഴ്ച മുതൽ വാരാന്ത്യങ്ങളിൽ രാത്രി 10 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണി വരെ. യാത്രക്കാർക്ക് ഇൻഫിനിറ്റി ബ്രിഡ്ജ്, ബിസിനസ് ബേ, മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയ മറ്റ് ക്രോസിംഗുകൾ ബദൽ ഗതാഗത സംവിധാനമായി ഉപയോഗിക്കാമെന്നും ആർടിഎ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ദുബായിലെ ഓട്ടോമാറ്റിക് റോഡ് ടോൾ പിരിവ് സംവിധാനമാണ് സാലിക്ക്. ഓരോ തവണയും ഒരു വാഹനം സാലിക് ടോൾ പോയിന്റിലൂടെ കടന്നുപോകുമ്പോൾ, പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് 4 ദിർഹം ഫീസാണ് ഈടാക്കുന്നത്.