ദുബായ് : ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്ക് നല്‍കുന്ന തഖ്ദീര്‍ അവാര്‍ഡ് വിപുലപ്പെടുത്തി. ഇനി മുതല്‍ രാജ്യാന്തര തലത്തില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് മികച്ച ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ദുബായ് തഖ്ദീര്‍ പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനും ദുബായ് എമിഗ്രേഷന്‍ ഉപ മേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മുമ്പ് ദുബൈയിലെ കമ്പനിങ്ങള്‍ക്ക് നല്‍കിയ അംഗീകാരമാണ് സ്റ്റാര്‍ റേറ്റിംഗ് 5-ല്‍ നിന്ന് ഏഴ് സ്റ്റാറാക്കി കൊണ്ട് ആഗോളതലത്തില്‍ മികച്ച ക്ഷേമപ്രവര്‍ത്തനങ്ങളും സംവിധാനങ്ങളുമുള്ള കമ്പനികള്‍ക്ക് നല്‍കി ആദരിക്കുന്നത്. 7-സ്റ്റാര്‍ നേടുന്നവരില്‍ നിന്ന് ഏറ്റവും കൂടുതല്‍ സ്‌കോറിംഗ് ലഭിക്കുന്ന കമ്പനിക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ഉല്‍പ്പാദനപരവും യോജിപ്പും തുല്യവുമായ തൊഴില്‍ അന്തരീക്ഷം സ്ഥാപിക്കുന്നതിനും അവരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടുന്നതിന് ദുബായിയുടെ പ്രതിബദ്ധതയുടെ തെളിവാണ് ആഗോള തലത്തിലേക്ക് പുരസ്‌കാരം വ്യാപിപ്പിച്ചത്.സുസ്ഥിരവും പോസിറ്റീവുമായ തൊഴില്‍ വിപണിയുടെ തത്വങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് അവാര്‍ഡ് വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. ലോകമെമ്പാടുമുള്ള തൊഴിലാളികളെ ഉള്‍ക്കൊള്ളുന്നതിനായി അവാര്‍ഡിന്റെ പരിധി വിശാലമാക്കുന്നതിലൂടെ, എമിറേറ്റിനെ തൊഴിലാളി ക്ഷേമ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാടും പ്രതിബദ്ധതയും സാക്ഷാത്കരിച്ചിരിക്കുകയാണെന്ന് മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു.
തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട സംഘടനാ നിലവാരം ഉയര്‍ത്തുന്നതിനുള്ള ദുബായിയുടെ ബഹുമുഖ തന്ത്രത്തിന്റെ ഭാഗമാണ് ഈ അന്താരാഷ്ട്ര അവാര്‍ഡിന് തുടക്കമിടുന്നതും 7-സ്റ്റാര്‍ വിഭാഗം ഉള്‍പ്പെടുത്തിയതും .വിപുലീകരിച്ച അവാര്‍ഡിലൂടെ, തൊഴിലാളികളോടുള്ള അനുകമ്പയുടെയും കരുതലിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും വൈവിധ്യമാര്‍ന്ന സമൂഹങ്ങളുടെ ക്ഷേമം പരിപോഷിപ്പിക്കുന്നതിന് അവരുടെ അമൂല്യമായ സംഭാവനകളെ അംഗീകരിക്കാനും ദുബായ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
സമഗ്ര മൂല്യനിര്‍ണത്തിലുടെ പോയിന്റ് അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നക്ഷത്ര പദവി നല്‍കുന്ന ഈ സമ്പ്രദായം ലോകത്ത് തന്നെ ആദ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ നടത്തിപ്പിലെ കാര്യക്ഷമത തിരിച്ചറിഞ്ഞ് തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ സന്തോഷകരമായ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് തഖ്ദീര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.അവാര്‍ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തഖ്ദീര്‍ അവാര്‍ഡ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് മുഖേന അറിയാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.ദുബായ് എമിഗ്രേഷന്‍ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റിയുടെ സാന്നിധ്യത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ തഖ്ദീര്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍, തഖ്ദീര്‍ അവാര്‍ഡ് ടെക്‌നിക്കല്‍ അഡൈ്വസര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ സമദ് ഹുസ്സെന്‍,തഖ്ദീര്‍ അവാര്‍ഡ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ലഫ്റ്റനന്റ് കേണല്‍ ഖാലിദ് ഇസ്മായില്‍, എന്‍ജിനീയര്‍ മുഹമ്മദ് കമാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു