ദുബായിൽ താമസ സ്ഥലങ്ങളിൽ പൂന്തോട്ടമുള്ളവർക്ക് സമ്മാനവുമായി ദുബൈ മുനിസിപ്പാലിറ്റി. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് അര ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിക്കുക. അതേസമയം ദുബായിലെ താമസക്കാർക്കിടയിൽ പൂന്തോട്ട പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതി.
കൂടാതെ ഔട്ട്ഡോർ സ്ഥലങ്ങൾ സുസ്ഥിരമായി ഉപയോഗിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 50,000 ദിർഹം, രണ്ടാമതെത്തുന്നവർക്ക് 30,000, മൂന്നാം സ്ഥാനക്കാർക്ക് 20,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനമായി നൽകുന്നത്.
ഫെബ്രുവരി 28 ആണ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം. ഇതിനുശേഷം അധികൃതർ നിർദേശിക്കുന്ന നിശ്ചിത ദിവസത്തിനുള്ളിൽ പൂന്തോട്ടം പൂർത്തിയാക്കുകയും വേണം. ഏപ്രിലിലായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്.
മത്സരിക്കാനുള്ള വ്യവസ്ഥകൾ
• മത്സരിക്കുന്ന ആൾ താമസസ്ഥലത്തിന്റെ ഉടമയോ വാടകക്കാരനോ ദുബൈ റസിഡന്റോ ആയിരിക്കണം
• വീടിനുമുന്നിലെ പൂന്തോട്ടത്തിന് ആർ.ടി.എയിൽനിന്ന് എൻ.ഒ.സി നിർബന്ധമായി വാങ്ങണം
• ജൂറി അംഗങ്ങൾക്ക് പൂന്തോട്ടങ്ങൾ സന്ദർശിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി പൂർണ്ണ സമ്മതം നൽകണം
• സമൂഹ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലുമായി ഈ ചിത്രങ്ങൾ ഉപയോഗിക്കാനുള്ള സമ്മതം നൽകണം
• ക്രിയാത്മകമായ ആശയങ്ങളും നൂതന സാങ്കേതിക വിദ്യകളുടെയും പരമ്പരാഗത രീതിയിലല്ലാത്ത ശാസ്ത്രീയ രീതികളുടെയും ഉപയോഗം എന്നിവ വിധി നിർണയത്തിൽ പരിഗണിക്കും
• പൂന്തോട്ടത്തിന്റെ രൂപകൽപനയിൽ രാത്രി വെളിച്ചം നിർബന്ധമാണ്
• സർവിസ് ലൈനുകളെയും കാൽനട ഗതാഗതത്തെയും ബാധിക്കാത്ത രീതിയിൽ പൂന്തോട്ടത്തിന് സുസ്ഥിര ജലസേചന സംവിധാനം ഉണ്ടായിരിക്കണം
• ജലത്തിന്റെയും പുനരുപയോഗ ഊർജത്തിന്റെയും ഉപയോഗത്തിലൂടെ പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കുന്നുവെന്നത് മത്സരത്തിൽ വിലയിരുത്തും
• മത്സരിക്കുന്നവർ ഫെബ്രുവരി 28നുമുമ്പ് ദുബൈ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം (www.dm.gov.ae)