ദുബായ്: ദുബായ് നഗരത്തിലൂടെ മിന്നൽ വേഗത്തിൽ സദാസമയവും പാഞ്ഞു നടക്കുന്ന ദുബായ് മെട്രോ. ലോകം കൊതിക്കുന്ന നഗരത്തെ ഒരു കല്ലേറ് ദൂരത്തിലൊതുക്കിയ ദുബായ് മെട്രോയ്ക്കിന്ന് പതിനാലിനഴക്. റെഡ് ഗ്രീൻ ലൈനുകളിലായി നഗരത്തിലുടനീളം 47 സ്റ്റേഷനുകൾ പ്രതിദിന യാത്രക്കാർ 1.7 മില്യൺ
വർഷം 14 കഴിഞ്ഞെങ്കിലും ഇന്നും പുതുപുത്തനായി സംരക്ഷിക്കുന്ന മെട്രോ കോച്ചുകൾ, ഇത്രയധികം യാത്രക്കാർ കടന്നു പോയിട്ടും ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്ന മെട്രോ സ്റ്റേഷനുകൾ, യാത്രക്കാരുടെ സുരക്ഷയ്ക്കായി സദാസമയവും മിഴി തുറന്നിരിക്കുന്ന 10000 ക്യാമറക്കണ്ണുകൾ, ഭിന്നശേഷിക്കാർക്കും മുതിർന്ന പൌരന്മാർക്കും വേണ്ടി 273 എലിവേറ്ററുകൾ, 548 എസ്കലേറ്ററുകൾ , 96 ഇലക്ട്രിക് നടപ്പാതകൾ എന്ന് വേണ്ട ലോകത്തെ ഏറ്റവും സുഗമമായ ഗതാഗത സംവിധാനം എന്ന് തന്നെ ഉറപ്പിച്ച് പറയാംനഗരത്തിലെ പതിവ് ട്രാഫിക്കുകളിൽ കുടുങ്ങി കിടക്കാതെ ഏത് സ്ഥലത്തും ഞൊടിയിടയിൽ എത്താമെന്നതിലുപരിയായി മെട്രോ യാത്രക്കാർക്ക് നൽകുന്ന സാമ്പത്തിക സ്വസ്തതയും എടുത്ത് പറയേണ്ടതാണ്. സമയനഷ്ടമില്ലാതെ സാമ്പത്തിക ഭാരമില്ലാതെയുള്ള സുരക്ഷിതമായ ജീവിതമാണ് മെട്രോ ദുബായ് റെസിഡൻസിന് നൽകുന്നത്.ദുബായ് മെട്രോ ആരംഭിച്ചത് മുതൽ ഇന്ന് വരെ അറ്റകുറ്റപ്പണികൾക്കായി ആർടിഎ ചെലവഴിച്ചത് 1.68 കോടി മണിക്കൂറുകളാണ്. അന്താരാഷ്ട്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ നടത്തുന്ന മെയിന്‍റനൻസ് വർക്കുകളാണ് ഇന്നും മെട്രോയെ കാര്യക്ഷമമായി നിലനിർത്തുന്ന പ്രധാന ഘടകം