ദുബായിൽ നടക്കുന്ന ഇവൻ്റുകളുടെ ടിക്കറ്റ് നിരക്കിൽ സർക്കാർ ഈടാക്കുന്ന പ്രത്യേക ഫീസ് ഒഴിവാക്കി. ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്ക് പ്രാപ്തമാക്കുകയും സംഘാടകരുടെ ലാഭം വർദ്ധിപ്പിക്കാനുമാണ് പുതിയ തീരുമാനം വഴിവെക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇത് സംബന്ധിച്ച നിയമത്തിൽ ഇളവ് വരുത്തി ഉത്തരവിറക്കിയത്. പുതിയ നിയമഭേദഗതി വന്നതോടെ പല പരിപാടികളുടെയും ടിക്കറ്റ് നിരക്കിൽ കുറവു വന്നേക്കും.
പ്രത്യേക ഫീസ് ഒഴിവാക്കുമ്പോൾ കൂടുതൽ അന്താരാഷ്ട്ര, പ്രദേശിക ഇവന്‍റുകൾക്ക് ദുബായ് വേദിയാകുമെന്നാണ് നിഗമനം. വിൽപന നടന്ന ടിക്കറ്റിന്‍റെ ഏകദേശ മൂല്യം കണക്കാക്കി, 10 ശതമാനം അല്ലെങ്കിൽ ഒരാൾക്ക് 10 ദിർഹം എന്ന നിലയിലാണ് സാമ്പത്തിക, ടൂറിസം വകുപ്പ് ഫീസ് ഈടാക്കിയിരുന്നത്. ഇതാണ് പുതിയ തീരുമാനത്തിലൂടെ ഒഴിവാക്കുന്നത്.
എന്നാൽ ഇ-പെർമിറ്റ്, ഇ-ടിക്കറ്റിങ് സംവിധാനങ്ങൾക്ക് വാർഷിക സബ്‌സ്‌ക്രിപ്ൻ നിരക്ക് ഈടാക്കുന്നത് തുടരും. 2021നെ അപേക്ഷിച്ച് 2022ൽ 95 ശതമാനം പരിപാടികളാണ് യുഎഇയിൽ നടന്നത്. ഡെലിഗേറ്റുകളുടെ എണ്ണത്തിലും 92 ശതമാനം വർദ്ധന ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ലോകത്തെ മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി എമിറേറ്റിന്‍റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ദുബായിയുടെ സാമ്പത്തിക അജണ്ട യുടെ ഭാഗമായാണ് പുതിയ മാറ്റം.