മുറ്റം നിറയെ ഉറ്റവരും സുഹൃത്തുക്കളുമായി പ്രിയ സഖിയുടെ കൈപിടിച്ച് പുതിയ വീട്ടിലേക്ക് കയറാനിരുന്ന ഒരു പ്രവാസിയുടെ ഒരായുസിന്‍റെ സ്വപ്നമാണ് തീഗോളം വിഴുങ്ങിയത്. ഇന്ന് അതേ മുറ്റത്ത് നിറയെ ആളുകൾ തിങ്ങി നിറഞ്ഞത് റിജേഷിനെയും ജിഷിയെയും യാത്രയയക്കാനാണ്. പ്രവാസത്തിന്‍റെ വിരസമായ നാല് ചുവരുകൾക്കുള്ളിൽ നിന്നും ഒരു വീടിന്‍റെ സുരക്ഷിതത്വത്തിലേക്ക് മാറാൻ അത്രമേൽ കൊതിച്ച പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ നാടും വീടും ഒരുമിച്ച് വിതുമ്പി.
11 വർഷം മുൻപാണ് മലപ്പുറം വേങ്ങര സ്വദേശികളായ റിജേഷും ജിഷിയും വിവാഹിതരാകുന്നത്. ദുബായ് ദേരയിൽ ട്രാവൽസ് മേഖലയിൽ ജോലി നോക്കുകയായിരുന്ന റിജേഷും അധ്യാപികയായ ജിഷിയും ഏറെ മോഹിച്ച് വച്ച വീട് വിഷുവിന് പാലുകാച്ചാനായിരുന്നു തീരുമാനം. എന്നാൽ ചില കാരണങ്ങളാൽ അത് നടന്നില്ല. എന്നാൽ അടുത്ത് തന്നെ വീടിന്‍റെ ഗൃഹപ്രവേശം നടത്താനായിരുന്നു ഇരുവരുടെയും തീരുമാനം. വിഷുവിന് നാട്ടിലെ അടുത്ത ബന്ധുക്കളെ വിളിച്ചപ്പോൾ ഇക്കാര്യം ഇരുവരും പങ്കുവച്ചിരുന്നു
ഏറെ ആഗ്രഹിച്ച് നിർമിച്ച വീട്ടിൽ ഒരു ദിവസം പോലും അന്തിയുറങ്ങാനാകാതെ ഇരുവരും മടങ്ങുന്നത് ഉറ്റവർക്കും നാട്ടുകാർക്കും നൊമ്പരക്കാഴ്ചയായി. മലയാളികളടക്കം നിരവധി പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ദേരയിൽ ശനിയാഴ്ചയാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 16 പേർക്കാണ് ജീവൻ നഷ്ടമായത്.