ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന ബഹുമതി സ്വന്തമാക്കി ദുബായ്. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സിലാണ് ദുബായ് ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ദുബായ്ക്ക് ലഭിച്ച പുതിയ നേട്ടം അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.
വൃത്തിയാണ് ദുബായിയുടെ നാഗരികതയും സംസ്‍കാരവും. കൂടാതെ ദുബായ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം കൂടിയാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായ നഗരം കൂടിയായി ദുബായ് മാറിയെന്നും ശൈഖ്മുഹമ്മദ് പറഞ്ഞു. ഇതിന് മുൻപും പവർ സിറ്റി ഇൻഡക്സിൽ ദുബായിക്കായിരുന്നു ഒന്നാം സ്ഥാനം. അതേസമയം ദുബായ് മുനിസിപ്പാലിറ്റി നഗര ശുചീകരണത്തിന് വൻ പ്രാധാന്യമാണ് നൽകുന്നത്. ഏത് പരിപാടി നടന്നാലും മിനിറ്റുകൾക്കകം നഗരം പൂർവ. സ്ഥിതിയിലാക്കാൻ അധികൃതർ മുന്നിൽ നിൽക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുവർഷ ദിനത്തിൽ ബുർജ് ഖലീഫയിൽ നടന്ന വമ്പൻ വെടിക്കെട്ടിന് ശേഷം മണിക്കൂറുകൾക്കകം തന്നെ ചുറ്റുപാടുമുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. കൂടാതെ നഗരത്തിലുടനീളം വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുകയും ശുചീകരണ തൊഴിലാളികളെ നിയോഗിക്കുകയും ചെയ്യുന്നത് നഗര ശുചീകരണം ഉറപ്പാക്കുന്നതിന്റെ മികച്ച മാതൃകയാണ്. ദുബായിലുടനീളം ചെടികൾ നട്ട് പിടിപ്പിച്ചും പൂക്കൾ വിടർത്തിയും ദുബായിയുടെ സൗന്ദര്യം നിലനിർത്താനുള്ള പ്രയത്നത്തിലാണ് മുനിസിപ്പാലിറ്റി അധികൃതർ.