അബുദാബി: ആറ് മാസത്തിലേറെ മറ്റു രാജ്യങ്ങളിൽ തങ്ങിയശേഷം മടങ്ങിയെത്തുന്ന ദുബായ് വീസക്കാർക്ക് തിരികെ പ്രവേശനം ലഭിക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. യുഎഇ വീസയുള്ളവർക്ക് മറ്റ് രാജ്യങ്ങളിൽ തങ്ങാവുന്ന പരമാവധി കാലയളവ് 6 മാസമാണ്.
അതേസമയം ഗോൾഡൻ വീസക്കാർക്ക് ഇക്കാര്യ ബാധകമല്ല. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ വീസ ഉള്ളവർക്ക് ആറ് മാസത്തിന് ശേഷം തക്കതായ കാരണം വ്യക്തമാക്കിയാൽ പ്രവേശനം ലഭിക്കും. ഇത്തരക്കാർ റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ എമിറേറ്റ്സ് ഐഡി,പാസ്പോർട്ട് എന്നിവയ്ക്കൊപ്പം വൈകിയതിന്‍റെ കാരണം ബോധിപ്പിക്കുന്ന അപേക്ഷയും നൽകണം.
180 ദിവസത്തിൽ കൂടുതൽ തങ്ങിയ ഓരോ മാസത്തിനും 100 ദിർഹം വീതം പിഴയും ഒടുക്കേണ്ടി വരും. കൂടാതെ റസിഡൻസ് വീസയ്ക്ക് 30 ദിവസത്തെ കാലാവധിയും ഉണ്ടാകണം. വ്യക്തിഗത വീസയുള്ളവർ ഐസിപി വെബ്സൈറ്റ് വഴിയും കമ്പനി വീസയുള്ളവർ കമ്പനി വഴിയുമാണ് റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടത്. റീ എൻട്രി അനുവദിച്ചാൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണമെന്നും നിർബന്ധമുണ്ട്