മധ്യപൂർവദേശത്തെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളുടെ പട്ടികയിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരിയടക്കം 6 സ്വദേശി വനിതകൾ. ഫോബ്‌സ് മിഡിൽ ഈസ്റ്റിൻ്റെ ഈ വർഷത്തെ ശക്തരായ 100 ബിസിനസ് വനിതകളുടെ പട്ടികയിലാണ് 6 ഖത്തരി വനിതകൾ ഇടം നേടിയിരിക്കുന്നത്.
രാജ്യാന്തര തലത്തിലും പ്രശസ്തരാണ് ആറ് പേരും. ഖത്തറിലെ ടെലികോം സേവന ദാതാക്കളായ ഉറീഡുവിൻ്റെ സിഇഒ നൂർ അൽ സുലൈത്തി, ഖത്തർ നാഷനൽ ബാങ്ക് ക്യാപ്പിറ്റൽ സിഇഒ മിറ അൽ അത്തിയ, ഖത്തർ ഫിനാൻഷ്യൽ സെൻ്റർ അതോറിറ്റി ഡപ്യൂട്ടി സിഇഒയും ചീഫ് ബിസിനസ് ഓഫിസറുമായ ഷെയ്ഖ അൽ അനൗദ് ബിൻത് ഹമദ് അൽതാനി, അൽ ഫലേഹ് എജ്യുക്കേഷൻ ഹോൾഡിങ് ഫൗണ്ടറും അധ്യക്ഷയുമായ ഷെയ്ഖ അയിഷ ബിൻത് ഫലേഹ് അൽതാനി, അംവൽ അധ്യക്ഷയും അൽവാബ് സിറ്റി റിയൽ എസ്റ്റേറ്റ് സിഇഒയുമായ ഷെയ്ഖ ഹനാദി ബിൻത് നാസർ അൽതാനി എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഖത്തരി വനിതകൾ.
ബാങ്കിങ്, ധനകാര്യം, ബിസിനസ്, നിക്ഷേപം, റീട്ടെയ്ൽ, ആരോഗ്യ പരിചരണം എന്നിങ്ങനെ 27 വിവിധ മേഖലകളിൽ നിന്നുള്ളവരും 27 രാജ്യങ്ങളിൽ നിന്നുള്ളവരുമാണ് പട്ടികയിൽ ഇടം നേടിയ 100 പേർ. പട്ടികയിൽ ഏറ്റവും കൂടുതൽ വനിതകൾ യുഎഇയിൽ നിന്നാണ്, 15 പേർ. രണ്ടാമത് ഈജിപ്ത്, 12, മൂന്നാമത് സൗദി അറേബ്യ, 11 , കുവൈത്ത്, 8, ലബനൻ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നായി 6 പേരുമാണ് ഇടം നേടിയത്.