ലോകകപ്പ് ഫുട്ബോളിനായി ഖത്തറിലെത്തുന്നത് ലക്ഷക്കണക്കിന് ആരാധകരാണ്. ഇവർക്കിടയിൽ കോർണിഷിലെ പരമ്പരാഗത പായ്ക്കപ്പൽ പര്യടനത്തിന് സ്വീകാര്യതയേറുന്നു. ദൗ എന്നറിയപ്പെടുന്ന പായ്ക്കപ്പലുകൾ തേടിയുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നാണ് ബോട്ടുടമകൾ പറയുന്നത്. ദൗ, ടൂറിസം മേഖലയുടെ വളർച്ചയിൽ ലോകകപ്പ് വലിയ പങ്ക് വഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ലോകകപ്പ് ആരംഭിച്ചതോടുകൂടി ഉപഭോക്താക്കളുടെയും സന്ദർശകരുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ വ്യാപാര വളർച്ച നേടിയതായും രണ്ട് ബോട്ട് ഓപറേറ്റർമാരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
സാധാരണ ദിവസങ്ങളിൽ 500 മുതൽ 1000 റിയാൽ വരെയാണ് ലഭിക്കുന്നതെങ്കിലും ലോകകപ്പ് ആരംഭിച്ചതോടെ ഇപ്പോൾ പ്രതിദിനം 1500 മുതൽ 3000 റിയാൽ വരെ ലഭിക്കുന്നുണ്ടെന്നും ദൗ ഓപറേറ്ററായ ബിപൊൻ പറഞ്ഞു. ലോകകപ്പിനോടനുബന്ധിച്ച് 24 മണിക്കൂറും ബോട്ടുകൾ പ്രവർത്തനം നടത്തുന്നുണ്ട്. എല്ലാ സമയവും സന്ദർശകരുണ്ടെന്നും ബിപൊൻ പറയുന്നു.