കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് ഡി. കെ ശിവകുമാര്‍. കര്‍ണാടക മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെയും ചര്‍ച്ചകള്‍ക്കായി ഇന്ന് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ ഡല്‍ഹിയ്ക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘തീരുമാനം ഹൈക്കമാന്‍ഡിന് വിടുകയാണ്. ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. എനിക്ക് കിട്ടിയ പിറന്നാള്‍ സമ്മാനം 135 എം.എല്‍.എമാരാണ്. എനിക്ക് ഏല്‍പ്പിച്ച് തരുന്ന എന്ത് ജോലിയും ഞാന്‍ ചെയ്യും,’ ഡികെ ശിവകുമാര്‍ പറഞ്ഞു.
സിദ്ധരാമയ്യയുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചതിന് പിന്നാലെ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയാണ് അച്ഛനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന കാര്യം ആദ്യം പങ്കുവെക്കുന്നത്. ഇതിന് പിന്നാലെ സിദ്ധരാമയ്യയുടെ വീടിന് മുന്നിലും മുഖ്യമന്ത്രിയെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പതിക്കപ്പെടുകയും ചെയ്തിരുന്നു.
135 സീറ്റുകളാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപി 66 സീറ്റുകളില്‍ ഒതുങ്ങി. വലിയ പരാജയമാണ് ബിജെപിക്ക് കര്‍ണാടക തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്നത്.