നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ആദ്യപ്രതികരണവുമായി നടൻ ദിലീപ്. കോടതിയിൽ ഇന്നു തകർന്നത് തനിക്കെതിരായ ഗൂഢാലോചന കൂടിയാണെന്ന് ദിലീപ് തുറന്നടിച്ചു. തൻ്റെ മുൻഭാര്യ കൂടിയായ നടി മഞ്ജുവാര്യരുടെ പ്രസ്താവനയിൽ തുടങ്ങിയതാണ് തനിക്കെതിരായ ഗൂഢാലോചനയെന്നും അതാണിപ്പോൾ കോടതിയിൽ തകർന്നതെന്നും ദിലീപ് പറഞ്ഞു.
ദിലീപിൻ്റെ വാക്കുകൾ –
സർവ്വശക്തനായ ദൈവത്തിന് നന്ദി… ഈ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. അത് അന്വേഷിക്കണം എന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥയും ഒരു പറ്റം ക്രിമിനൽ പൊലീസുകാരും കൂട്ടുനിന്നു. അതിനായി ഈ കേസിലെ മുഖ്യപ്രതിയേയും കൂട്ടുപ്രതികളേയും കൂട്ടുപിടിച്ച് ഒരു കള്ളക്കഥ മെനഞ്ഞു. ചില മാധ്യമങ്ങളുടെ ഒത്താശയും ഇതിനുണ്ടായിരുന്നു. ഈ പൊലീസ് സംഘമുണ്ടാക്കിയ കള്ളക്കഥ ഇന്ന് കോടതിയിൽ തകർന്നു. യഥാർത്ഥ ഗൂഢാലോചന നടന്നത് എൻ്റെ ജീവിതവും കരിയറും തകർക്കാനാണ്. എൻ്റെ കൂടെ നിന്ന, എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി. രാമൻ പിള്ള സാറും സംഘവും അവർക്ക് എൻ്റെ ജീവിതം തന്നെ കടപ്പാടുണ്ട്.




