കൊച്ചി: ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള വിധി പുറത്തു വന്നതിന് പിന്നാലെ ആഹ്ളാദ പ്രകടനം നടത്തി ദിലീപ് ആരാധകർ. കോടതി വളപ്പിൽ ലഡ്ഡു വിതരണം നടത്തിയ ദിലീപിൻ്റെ ആരാധകർ ആലുവയിലെ ദിലീപിൻ്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചുമാണ് വിജയം ആഘോഷിച്ചത്.
വിധി വന്നപ്പോൾ തന്നെ രാമൻപിള്ളയുടെ അഭിഭാഷകസംഘത്തിലുള്ളവർ ദിലീപിനെ കെട്ടിപ്പിടിച്ചു. വിധിക്ക് പിന്നാലെ രാമൻപിള്ളയെ വീട്ടിൽ എത്തി കണ്ട ദിലീപ് അദ്ദേഹത്തെ കാൽതൊട്ടു വണങ്ങി കവിളിൽ ഉമ്മ വച്ചു. സഹോദരൻ അനൂപും ദിലീപിനൊപ്പം ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന രാമൻപിള്ളയെ കാണാൻ വസതിയിലേക്ക് എത്തിയിരുന്നു
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ള ആറ് പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് കുറ്റവിമുക്തനാക്കിയത്.




