തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ കരാറിൽ സർക്കാർ ഒപ്പിട്ടത് മുതിർന്ന സിപിഎം നേതാക്കൾപോലും അറിയാതെ. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാർ പോലും ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ മാത്രമാണ്. മുതിർന്ന സിപിഎം നേതാക്കളും ഇക്കാര്യം അറിഞ്ഞിട്ടില്ല. പാർട്ടിക്കുള്ളിലോ മുന്നണിയിലോ കാര്യമായ കൂടിയാലോചന ഇല്ലാതെയാണ് കരാറിൽ കേരളം ഒപ്പിട്ടത്. പൊതുവിഭ്യാഭ്യാസ സെക്രട്ടറി കെ.വാസുകി ഡൽഹിയിൽ എത്തിയാണ് കേരളത്തിന് വേണ്ടി കരാറിൽ ഒപ്പിട്ടത്.
അതേസമയം കരാറിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇന്ന് സിപിഐ ആസ്ഥാനത്ത് എത്തി ബിനോയ് വിശ്വത്തെ നേരിൽ കണ്ടു. വിഷയത്തിൽ മന്ത്രിയെയാണ് സിപിഐ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തുന്നത് അതിനാലാണ് ശിവൻകുട്ടിയെ തന്നെ ഇറക്കി പ്രശ്നം തീർക്കാൻ സിപിഎം നോക്കുന്നത്.
അതേസമയം മൂന്നാം പിണറായി സർക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞ് എൽഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോൾ എല്ലാം ചർച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്. ഘടകക്ഷികളെ ഇരുട്ടിൽ നിർത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. അതേസമയം, വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുമെന്നാണ് സൂചന.





