കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ യുഎഇ പ്രഖ്യാപിച്ച കൂടുതല്‍ ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ലോകാരോഗ്യ സംഘടന ആദ്യ കൊവിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ട് നാളേക്ക് 1000 ദിവസം തികയുമ്പോഴാണ് യുഎഇയുടെ സുപ്രധാന തീരുമാനം എന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി സഹകരിച്ച ജനങ്ങള്‍ക്ക് യുഎഇ ഭരണകൂടം നന്ദി രേഖപ്പെടുത്തി. ഇനി ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. സാഹചര്യം നിയന്ത്രണ വിധേയമാണെങ്കിലും ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊറോണ വൈറസ് ഇപ്പോഴും ഇല്ലാതായിട്ടില്ല. പൊതുജനാരോഗ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
കൂടുതൽ ഇളവുകൾ ഇങ്ങനെ:
സ്‌കൂള്‍ ഉള്‍പ്പെടെ മിക്ക പൊതുസ്ഥലങ്ങളിലും മാസ്‌ക് ഇനി മുതല്‍ യുഎഇയില്‍ നിര്‍ബന്ധമല്ല. അതേസമയം, പള്ളികള്‍, ആരാധനാലയങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കണം. കൊവിഡ് രോഗികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. രോഗം സംശയിക്കുന്നവര്‍ക്കും മാസ്‌ക് വേണം. വാര്‍ധക്യ സഹജമായ അസുഖങ്ങളുള്ളവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഫുഡ് ഡെലിവറി ചെയ്യുന്നവരും മാസ്‌ക് ധരിക്കണം.
വിമാനങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. യുഎഇയില്‍ നിന്ന് വിമാനത്തില്‍ പുറപ്പെടുന്നവര്‍, അവര്‍ക്ക് എത്തേണ്ട രാജ്യത്തുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. കൊവിഡ് രോഗികളുമായി ബന്ധപ്പെട്ടിരുന്നുവെങ്കില്‍ ഐസൊലേഷനും പിസിആര്‍ പരിശോധനയും ആവശ്യമാണ്. കൊവിഡ് രോഗികള്‍ അഞ്ച് ദിവസം ഐസൊലേഷനില്‍ കഴിയണം. ലക്ഷണങ്ങളുള്ളവര്‍ പിസിആര്‍ പരിശോധന നടത്തണം.
പള്ളികളിലും മറ്റു ആരാധനാലയങ്ങളിലും അകലം പാലിക്കേണ്ടതില്ല. എങ്കിലും മാസ്‌ക് ഇവിടെ നിര്‍ബന്ധമാണ്. പള്ളികളില്‍ വരുന്നവര്‍ മുസല്ല കൊണ്ടുവരണം. വാക്‌സിന്‍ എടുത്തവര്‍ക്ക് അല്‍ ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസിന്റെ കാലാവധി 30 ദിവസമാക്കി ഉയര്‍ത്തി. വാക്‌സിന്‍ എടുത്തിട്ടില്ലാത്തവര്‍ ഗ്രീന്‍ പാസ് നിലനിര്‍ത്തണമെങ്കില്‍ ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തണം.
അബുദാബിയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും കയറണമെങ്കില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. ഇനി പ്രതിദിന കൊവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കില്ല. പകരം വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും. നിയന്ത്രണങ്ങള്‍ ഘട്ടങ്ങളായി പിന്‍വലിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഇളവുകള്‍. കൊവിഡ് ആശങ്ക കുറഞ്ഞ സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്.