തിരുവനന്തപുരം: പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി. രണ്ട് ദിവസമായി നടന്ന നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയെന്ന വാർത്തയ്ക്ക് പിന്നാലെ രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിച്ചു കൊണ്ടുള്ള കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രസ്താവന പുറത്തു വന്നു.
ഇതോടെ എട്ട് ദിവസമായി ഒളിവിൽ കഴിയുന്ന രാഹുലിൻ്റെ അടുത്ത നടപടി എന്താവും എന്നതിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ് ജാമ്യാപേക്ഷയിൽ കോടതി തീർപ്പുണ്ടാക്കും മുൻപ് രാഹുലിനെ പിടികൂടാനായി അന്വേഷണസംഘം കേരളത്തിന് അകത്തും പുറത്തും അന്വേഷണം തുടരുകയായിരുന്നു. രാഹുൽ പൊള്ളാച്ചിയിലും കോയമ്പത്തൂരിലും ബെംഗളൂരുവിലും ഉണ്ടായിരുന്നുവെന്നും തമിഴ്നാട്ടിലും കർണാടകയിലുമായി രാഹുൽ ഒളിവിൽ കഴിയുന്നയിടങ്ങളിൽ എല്ലാം പൊലീസ് പിന്നാലെ എത്തിയിരുന്നു. പലവട്ടം പൊലിസിൻ്റെ കൈയ്യകലത്ത് നിന്നും നിന്നുമാണ് രക്ഷപ്പെട്ടത്. ജാമ്യം നിഷേധിച്ചതോടെ രാഹുൽ കേരളത്തിലെത്തി പൊലീസ് മുൻപാകെ കീഴടങ്ങും എന്ന സൂചനയും ശക്തമാണ്.
നേരത്തെ തന്നെ സസ്പെൻഷനിലായിരുന്ന രാഹുലിന് പുറത്താക്കി പ്രശ്നത്തിൽ കോണ്ഗ്രസ് മുഖം രക്ഷിച്ചു. സമാന ആരോപണം നേരിടുന്ന നേതാക്കൾക്ക് എതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യം ഉയർത്തിയാകും ഇനി യുഡിഎഫ് പ്രതിരോധം ചെലുത്തുക.




