കൊച്ചി: കോളിളക്കമുണ്ടാക്കിയ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെവിട്ട് കോടതി. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം തള്ളിയാണ് കോടതി അദ്ദേഹത്തെ വെറുതെവിട്ടത്. ആകെ പത്ത് പ്രതികളുള്ള കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. കോടതി വിധി പ്രകാരം പൾസർ സുനിയടക്കം ആദ്യത്തെ ആറ് പ്രതികൾ കുറ്റക്കാരാണ്.
ഇവർക്കെതിരെ ചുമത്തിയ ബലാത്സംഗം, ഗൂഢാലോചന എന്നീ വകുപ്പുകളും കോടതി ശരിവച്ചു. അതേസമയം പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഏഴ്, എട്ട്, ഒൻപത്, പത്ത് പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇന്ന് ജയിലിലേക്ക് മാറ്റും. പ്രതികളുടെ ശിക്ഷ തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം ഡിസംബർ 12-ന് പ്രഖ്യാപിക്കും. അതേസമയം കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ്റെ നീക്കം.
പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിൻറെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. ദിലീപിനെ വെറുതെ വിട്ടെന്ന വാർത്ത ആഘോഷത്തോടെയാണ് കോടതി പരിസരത്ത് തടിച്ചു കൂടിയ ദിലീപ് ആരാധകർ സ്വീകരിച്ചത്. വിധിക്ക് പിന്നാലെ ദിലീപ് ആരാധകർ കോടതി പരിസരത്ത് ലഡ്ഡു വിതരണം നടത്തി.




