കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ശശി തരൂർ എംപി എന്നിവർക്കു പുറമേ തിരുത്തൽവാദി സംഘത്തിൽ (ജി 23) അംഗമായ മനീഷ് തിവാരിയും മത്സരിക്കുന്നുണ്ടെന്നാണ് സൂചന.
ഗെലോട്ടും തരൂരും ഗാന്ധി കുടുംബവുമായി ചർച്ച ചെയ്താണു സ്ഥാനാർഥിത്വം തീരുമാനിച്ചത്. എന്നാൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മനീഷ് തിവാരി വിമതനായി കളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സ്ഥാനാർഥിയാകാൻ രാഹുൽ ഗാന്ധിയെ നിർബന്ധിച്ചെങ്കിലും ഗാന്ധി കുടുംബത്തിൽനിന്ന് ആരും മത്സരിക്കില്ലെന്ന് അദ്ദേഹം തീർത്തു പറയുകയായിരുന്നു. സോണിയ ഗാന്ധിയും ഇതേ നിലപാടിൽ ഉറച്ചു നിന്നു.
ഗെലോട്ടും തരൂരും സെപ്റ്റംബർ 26നു പത്രിക നൽകുമെന്നാണു പുറത്ത് വരുന്ന വിവരം. സെപ്റ്റംബർ 30 വരെ നാമദിർദേശ പത്രിക സമർപ്പിക്കാം. അതേസമയം ഗെലോട്ട് പ്രസിഡന്റ് സ്ഥാനാർഥി ആയാൽ രാജസ്ഥാൻ മുഖ്യമന്ത്രി പദമൊഴിയാമെന്നു സമ്മതിച്ചതോടെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന് ഉറ്റുനോക്കുകയാണ് കോൺഗ്രസിലെ നേതാക്കൾ.
ഗാന്ധി കുടുംബത്തിൻ്റെ പിന്തുണയോടെ രാജസ്ഥാൻ മുഖ്യമന്ത്രിയാകാമെന്ന പ്രതീക്ഷയിലാണ് സച്ചിൻ പൈലറ്റ്. രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സോണിയ ഗാന്ധിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കനും ചേർന്നു തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.