നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെയും വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമര്‍ശനം. നേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ ഇപ്പോഴും അനുമതി കിട്ടാതെ കിടക്കുകയാണെന്നും ഇത് വിസ്മരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കേരള നിയമസഭയുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും നിയമങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ പരാമര്‍ശം.
ലോകായുക്ത അടക്കം പല ബില്ലുകളും ഗവര്‍ണര്‍ പാസാക്കാതെ തടഞ്ഞുവെച്ചതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇനിയും പല ബില്ലുകളും അനുമതിയ്ക്കായി കാത്തുനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഒളിയമ്പ്.
അതേസമയം രജതജൂബിലി ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് സംസാരിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കേരളത്തെ പുകഴ്ത്തി. സംസ്ഥാനത്തിന്റെ പുരോഗതിക്ക് കാരണമായ നിയമനിര്‍മാണങ്ങള്‍ കേരള നിയമസഭ പാസാക്കിയതായി ഉദ്ഘാടന വേളയില്‍ ഉപരാഷ്ട്രപതി പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളിലെ സംസ്ഥാന മികവിനെയും ജഗ്ദീപ് ധന്‍കര്‍ പുകഴ്ത്തി.
രാജ്യതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍ രാഷ്ട്രീയത്തിന്റെ കണ്ണട മാറ്റിവെക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.