മണിപ്പൂരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങുടെ വീടുകളും ആക്രമണത്തിനിരയായി നശിച്ചെന്ന് സികെ വിനീത്. ആഴ്ചകള്‍ക്ക് മുമ്പാണ് ആക്രമണം ഉണ്ടായതെന്നും താരങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളുടെ വീടുകളിലാണ് കഴിയുന്നതെന്നും താരം ട്വിറ്ററില്‍ കുറിച്ചു.
സംഭവം നടന്നിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും മാധ്യമങ്ങള്‍ ഇത് അറിയുന്നുണ്ടോ എന്നും വാര്‍ത്തകള്‍ ഒന്നും തന്നെ ഇതുവരെ വന്നട്ടില്ലെന്നും സികെ വിനീത് പറഞ്ഞു.
മണിപ്പൂരില്‍ ബുദ്ധിമുട്ടുന്നവര്‍ എന്റെ സുഹൃത്തുക്കളും മുന്‍പ് ഒരുമിച്ച് ഒരുടീമില്‍ കളിച്ചവരുമൊക്കെയാണ്. അവരുടെ കുടുംബം സുരക്ഷിതരാണെന്ന് ഉറപ്പില്ലാതെ അവര്‍ക്ക് ഈ രാജ്യത്തിന് വേണ്ടി കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കുമോ?
അവര്‍ക്ക് സുരക്ഷിതത്വം ഉണ്ടാക്കാന്‍ സാധിക്കണം. മണിപ്പൂര്‍ കരയുകയാണ്. അവരെ കേള്‍ക്കണം എന്നും സി.കെ വിനീത് ട്വിറ്ററില്‍ കുറിച്ചു.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരായി നടത്തിച്ച സംഭവത്തിലും സികെ വിനീത് പ്രതികരണം രേഖപ്പെടുത്തിയിരുന്നു.
ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും എന്തുകൊണ്ടാണ് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാത്തതെന്നും മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കണമെന്നും സികെ വിനീത് പറഞ്ഞിരുന്നു.