ദില്ലി: ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ യു.എസ് നടപടിയെ രൂക്ഷമായി വിമർശിച്ച് ചൈന. ഒരു ഇഞ്ച് ഇടം നൽകിയാൽ ഒരു മൈൽ ദൂരം ഇടിച്ചു കയറുന്ന രീതിയാണ് ചിലരുടേതെന്ന് അമേരിക്കൻ പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിനെ പേരെടുത്ത് പറയാതെ ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്‌ഹോങ് കുറ്റപ്പെടുത്തി. ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. ഇന്ത്യയെപ്പോലെ തന്നെ ബ്രസീലിനും യുഎസ് 50% തീരുവ ചുമത്തിയിരുന്നു
ട്രംപിന്റെ താരിഫ് തന്ത്രം ആഗോള വ്യാപാര സമ്പ്രദായത്തിനുള്ള ഭീഷണിയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ബ്രസീലിയൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് സെൽസോ അമോറിമുമായി നടത്തിയ ഒരു ഫോൺ സംഭാഷണത്തിൽ പറഞ്ഞതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു, യുഎൻ ചാർട്ടറിന്റെയും ഡബ്ല്യുടിഒയുടെയും നിയമങ്ങളുടെ ലംഘനമാണ്” അമേരിക്കയുടെ തീരുവ യുദ്ധമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വിമർശിച്ചു.
മറുപടിയായി, ചൈനയുടെ പിന്തുണയ്ക്ക് ബ്രസീൽ നന്ദി പറഞ്ഞു. താരിഫുകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ഫോണിൽ സംസാരിച്ചു. എന്നാൽ ലുലയുമായുള്ള ഫോൺ സംഭാഷണം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ട്രംപ് ഏർപ്പെടുത്തിയ തീരുവകൾക്ക് മറുപടിയായി, ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ലുല ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ചൈനയിലെ ടിയാൻജിൻ സന്ദർശിക്കും. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷം മോദിയുടെ ചൈനയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. 2019 ലായിരുന്നു അദ്ദേഹത്തിന്റെ അവസാന ചൈന സന്ദർശനം.





