എഞ്ചിനീയർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കുവൈറ്റ്. പതിറ്റാണ്ടുകളായി കുവൈറ്റില്‍ ജോലി ചെയ്യുന്നവര്‍ മുതൽ പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ വരെയുള്ളവർക്ക് പരിശോധന ബാധകമാണ്. സ്വദേശികളുടെയും പ്രവാസികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഒരുപോലെ പരിശോധനയ്ക്ക് വിധേയമാക്കും. വ്യാജന്മാരെ കണ്ടെത്തി തൊഴില്‍ മേഖലയുടെ കാര്യക്ഷമത ഊട്ടിയുറപ്പിക്കുക എന്നതാണ് ലക്ഷ്യം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെ കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് ആണ് പരിശോധന നടത്തുക.
അറബ് മേഖലയിലെയും വിദേശ രാജ്യങ്ങളിലെയും സര്‍വകലാശാലകള്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ഇത് യോഗ്യതയുള്ളവർ മാത്രമേ കുവൈറ്റില്‍ ജോലി ചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. അതേ സമയം മുഹമ്മദ് ഹൗമല്‍ എന്ന 84കാരനായ ഫലസ്തീന്‍ സ്വദേശിയുടെ സർട്ടിഫിക്കറ്റുകൾ ഈയിടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു എന്നാണ് സൊസൈറ്റി അറിയിച്ചത്. 48 വര്‍ഷമായി കുവൈറ്റില്‍ എഞ്ചിനീയറായി ജോലി ചെയതു വരികയാണ് അദ്ദേഹം. തന്റെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന്റെ ഭാഗമായാണ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സമര്‍പ്പിച്ചത്. ഇത്തരത്തിലുള്ള പരിശോധനകള്‍ കുവൈറ്റിലെ എഞ്ചിനീയര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നാണ് മുഹമ്മദ് ഹൗമല്‍ അഭിപ്രായപ്പെടുന്നത്.
കുവൈറ്റിൽ ആകെ 40,709 എഞ്ചിനീയര്‍മാരാണ് വിവിധ കമ്പനികളിലായി ജോലിചെയ്യുന്നത്. അതിൽ 26.3 ശതമാനം പേര്‍ മാത്രമാണ് സ്വദേശികള്‍. 4000 സ്വദേശി വനിതകളും ഇതിൽ ഉൾപ്പെടുന്നു . ജോലിചെയ്യുന്നവരിൽ ഭൂരിഭാഗവും വിദേശികളായ ചെറുപ്പക്കാരാണ്. രാജ്യത്തെ മികച്ച എഞ്ചിനീയർമാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതുപോലെ തന്നെ സർട്ടിഫിക്കറ്റ് പരിശോധനയിലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ല എന്നാണ് കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് മേധാവി ഫൈസല്‍ അല്‍ അത്ല്‍ അറിയിച്ചത്.