ദില്ലി : ഇൻഡിഗോ വിമാന പ്രതിസന്ധിക്ക് പിന്നാലെ മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ കർശന നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യത്തിനകത്തെ വിമാനയാത്രകൾക്കുള്ള ടിക്കറ്റ് നിരക്കിന് കേന്ദ്രം പരിധി നിശ്ചയിച്ചു. നിലവിൽ നിശ്ചയിച്ചിട്ടുള്ള ടിക്കറ്റ് നിരക്ക് പരിധികൾ കർശനമായി പാലിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, രോഗികൾ എന്നിവരുൾപ്പെടെ അടിയന്തിരമായി യാത്ര ചെയ്യേണ്ട പൗരന്മാർക്ക് സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടാതെ ഇരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നീക്കം.
യാത്ര മുടങ്ങിയ യാത്രക്കാർക്ക് ഇൻഡിഗോ കാലതാമസമില്ലാതെ മുഴുവൻ പണവും തിരികെ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. റീഫണ്ട് നടപടികൾ 2025 ഡിസംബർ 7 ഞായറാഴ്ച രാത്രി 8:00 മണിയോടെ പൂർത്തിയാക്കണം എന്ന് മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. റദ്ദാക്കലുകൾ കാരണം യാത്രാ പദ്ധതികളെ ബാധിച്ച യാത്രക്കാർക്ക് റീ ഷെഡ്യൂളിംഗ് ചാർജുകൾ ഈടാക്കരുതെന്നും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.




