ഹജ്ജ് നിർവഹിക്കുന്നതിന് പുറമേ വിവിധ രാജ്യങ്ങളിലുള്ള ഇസ്ലാമിക ചരിത്ര ഭൂമികളിലേക്ക് തീർത്ഥാടന പദ്ധതിയുമായി കേന്ദ്രം. ചിലവ് കുറഞ്ഞ രീതിയിലുള്ള തീർത്ഥാടനമാണ് മുന്നോട്ട് വയ്ക്കുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
ഉംറ, ഇറാൻ, ഇറാഖ്, പലസ്തീൻ എന്നീ രാജ്യങ്ങളിലെ ഇസ്ലാമിക ചരിത്ര ഭൂമിയിൽ തീർത്ഥാടനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തിൽ ഹജ്ജ് കമ്മിറ്റിക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന പഠനത്തിന്റെ ഭാഗമായാണ് സമിതിയെ നിയോഗിച്ചിട്ടുള്ളത്. തീർത്ഥാടനത്തെ പറ്റി പഠിക്കാൻ രാജസ്ഥാനിലെ ഹിദായത്തുള്ള ധൗളിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. പഠന റിപ്പോർട്ട് അടുത്ത സമിതി യോഗത്തിൽ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും യോഗം വിലയിരുത്തി. അതേസമയം അടുത്ത വർഷം നടപ്പിലാക്കേണ്ട പുതിയ ഹജ്ജ് നയങ്ങളെ പറ്റി കമ്മിറ്റി അംഗങ്ങളിൽ നിന്നും അഭിപ്രായം തേടുകയും ചെയ്തിട്ടുണ്ട്. വിശദമായ ചർച്ചകൾ അടുത്തമാസം കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ചേരുമെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു.