പൊലീസ് സ്‌റ്റേഷനില്‍ കയറി കെ.എസ്.യു പ്രവര്‍ത്തകരെ സെല്‍ തുറന്ന് മോചിപ്പിച്ച സംഭവത്തില്‍ റോജി.എം.ജോണ്‍ അടക്കമുള്ള എം.എല്‍.എയ്‌ക്കെതിരെ കേസ്. സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ചാണ് ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍, അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കാലടി പൊലീസാണ് കേസെടുത്തത്. കാലടി ശ്രീശങ്കര കോളേജിലെ കെ.എസ്.യു ഭാരവാഹികളെ അന്യായമായി തടങ്കലില്‍ ഇട്ടെന്ന് ആരോപിച്ച് സ്റ്റേഷനില്‍ എത്തിയ എം.എല്‍.എ ഇവരെ ലോക്കപ്പില്‍ നിന്ന് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
ശ്രീശങ്കര കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഇതിന് പിന്നാലെ കേസില്‍ കണ്ടാലറിയാവുന്നകുറച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഇതിന് പിന്നാലെ ഇതേ കേസില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് രാജീവിനെയും മറ്റു രണ്ട് പേരെയും ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ അന്യായമായി തടങ്കലിലാക്കി എന്ന് ആരോപിച്ച് റോജി എം. ജോണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയും പൊലീസുകാരോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് സെല്ല് തുറന്ന് ഇവരെ പുറത്തിറക്കുകയായിരുന്നു.
കെ.എസ്.യു പ്രവര്‍ത്തകരെ പുറത്തിറക്കിയതിന് പിന്നാലെ ബെന്നി ബെഹ്നാന്‍, റോജി എം ജോണ്‍, സനീഷ് കുമാര്‍ എന്നിവര്‍ കാലടി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എഎസ്പി വന്ന് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.