പാപ്പരായി സ്വയം പ്രഖ്യാപിച്ച് ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരമായ ബര്‍മിംഗ്ഹാം. ജീവനക്കാര്‍ക്ക് നല്‍കേണ്ടിയിരുന്ന വേതന കുടിശ്ശിക നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് സ്വയം പാപ്പരായി നഗരം പ്രഖ്യാപിച്ചത്. ബാധ്യത നിറവേറ്റുന്നതിന് നിലവില്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ലെന്ന് ബര്‍മിംഗ്ഹാം കൗണ്‍സിലിന്റെ ഫൈനാന്‍സ് ഇടക്കാല ഡയറക്ടര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
ആവശ്യപ്പട്ടികയില്‍പ്പെടുന്നതല്ലാത്ത എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുന്നതായും നഗര കൗണ്‍സില്‍ അറിയിച്ചു. 76 കോടി പൗണ്ട് ജീവനക്കാര്‍ക്ക് നല്‍കാന്‍ കുടിശ്ശിക വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 2023-24 സാമ്പത്തിക വര്‍ഷം നഗര കൗണ്‍സിലിന് 8.7 കോടി പൗണ്ട് ധനകമ്മിയുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.
രാജ്യത്തെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ നയങ്ങളാണ് നഗരത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് നഗര കൗണ്‍സില്‍ ആരോപിക്കുന്നത്. എന്നാല്‍ പ്രാദേശികമായി വരുന്ന സാമ്പത്തിക പ്രതിസന്ധികളെ തദ്ദേശ ഭരണ സഭകള്‍ സ്വയം പരിഹരിക്കണമെന്നാണ് ഋഷി സുനക് പ്രധാനമന്ത്രിയായ ബ്രിട്ടണ്‍ സര്‍ക്കാരിന്റെ നിലപാട്.





