ലോകകപ്പിലെ ബ്രസീലിന്റെ തോൽവി താങ്ങാനാവാതെ ആരാധകൻ അബോധാവസ്ഥയിലായി. ബ്രസീൽ തോറ്റതോടെ 23 കാരനായ കെ പി അക്ഷയ്ക്ക് (അച്ചു) അമിത രക്തസമ്മർദം ഉണ്ടാവുകയും തലച്ചോറിൽ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു.
ഒരാഴ്ചയായി അബോധാവസ്ഥയിൽ കഴിയുന്ന അച്ചുവിന്റെ ജീവൻ രക്ഷിക്കാൻ നാട് ഒന്നടങ്കം സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുകയാണ്. കാക്കനാട് സ്വദേശിയായ കെ പി അക്ഷയ് വിവിധ ക്ലബ്ബുകൾക്കുവേണ്ടി കളിക്കുന്ന യുവ ഫുട്ബോളറാണ്.
ബ്രസീൽ–ക്രൊയേഷ്യ ക്വാർട്ടർ ഫൈനൽ മത്സരം കാണുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അവിടെ തന്ന കിടന്ന അക്ഷയ് രാവിലെയായിട്ടും വിളിച്ചിട്ട് എഴുന്നേൽക്കാതിരുന്നപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്‌ക്കായി 17.50 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഓൺലൈൻ കമ്പനിയിലെ ഡെലിവറി ബോയ് ആയിരുന്നു അക്ഷയ്.