ബ്രഹ്മപുരത്ത് മാലിന്യസംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തം കൊച്ചിയിൽ വിഷപ്പുക സൃഷ്ടിച്ചിരുന്നു. വിഷയം കൈകാര്യം ചെയ്യുന്നതിലുള്ള അപാകത മൂലം സർക്കാരിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് വന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ രീതിയിൽ സർക്കാരിനെ വിമർശിച്ചിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു. നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങളും മാലിന്യപ്ലാന്റിലെ തീപിടിത്തം ലഘൂകരിക്കുന്ന വാദങ്ങളും ചൂണ്ടിക്കാട്ടി മാനുവല്‍ റോണി എന്നയാളുടെ ആക്ഷേപഹാസ്യ പോസ്റ്റ് കടമെടുത്താണ് ആഷിഖ് നിലപാട് വ്യക്തമാക്കിയത്.
ഒരു ദിവസം കാക്കനാട് പോയി. അന്ന് ഒരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറയിലുള്ള അളിയന്‍ വിളിച്ചിരുന്നു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. എറണാകുളത്ത് ഉള്ളവരെല്ലാം അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു. എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ് എന്നിങ്ങനെ ഓരോന്നും അക്കമിട്ട് പറഞ്ഞാണ് ആഷിഖ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമർശിച്ചത്.
സ്ഥിതി ഗുരുതരമായതോടെ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ തങ്ങളുടെ അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മമ്മൂട്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കാനുള്ള മുഴുവൻ സജ്ജീകരണങ്ങളും എത്തിക്കുകയും ചെയ്തു. അതേസമയം, ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികളും സ്ഥാപനങ്ങളുടെയും സംവിധാനം കൂടി പ്രയോജനപ്പെടുത്തിയായിരുന്നു തീ അണച്ചത്. ഇരുനൂറ്റി അന്‍പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ രണ്ടു ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിച്ചത്. 2000 അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതായും മുഖ്യമന്ത്രി പറഞ്ഞു.