ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘എലഫന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്ററിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് ഡോക്യുമെന്ററിയിലെ അഭിനേതാക്കളായ ബൊമ്മനും ബെല്ലിയും. സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് വക്കീല്‍ നോട്ടീസ് അയച്ചത് തങ്ങളുടെ അറിവോടെയല്ലെന്നും ഇരുവരും പറഞ്ഞു.
ലീഗല്‍ നോട്ടീസ് അയച്ച അഭിഭാഷകന്‍ ആരാണെന്ന് അറിയില്ല എന്നും ഇരുവരും പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാര്‍ത്തികി വിളിച്ച് സംസാരിച്ചു. സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബൊമ്മനും ബെല്ലിയും പറഞ്ഞു. അതേസമയം ഡോക്യുമെന്ററിയിലെ വിവാഹ രംഗത്തിനായി തങ്ങള്‍ അങ്ങോട്ട് പണം നല്‍കിയിട്ടുണ്ടെന്നും കാര്‍ത്തികി ഇതുവരെ പണം തിരികെ നല്‍കിയിട്ടില്ലെന്നുമായിരുന്നു ബൊമ്മനും ബെല്ലിയും ഉന്നയിച്ച ആരോപണം. കാര്‍ത്തികി ഗോണ്‍സാല്‍വെസ് ഒരിക്കലും ഓസ്‌കാര്‍ പ്രതിമ പിടിക്കാനോ തൊടാനോ സമ്മതിച്ചില്ലെന്നും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളാണ് ഇരുവരും പിന്‍വലിച്ചത്.
ബൊമ്മനും ബെല്ലിയും ഉയര്‍ത്തിയ ആരോപണങ്ങള്‍ കാര്‍ത്തികിയും നിര്‍മാതാക്കളും നിഷേധിച്ചിരുന്നു. സിനിമയുമായി സഹകരിച്ചവര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും ആരോടും കടം വാങ്ങിയിട്ടില്ലെന്നും കാര്‍ത്തികി പറഞ്ഞിരുന്നു.