ദീപാവലി ആഘോഷത്തിനിടെ അപ്രതീക്ഷിതമായി മരിച്ച മലയാളി വിദ്യാർത്ഥി വൈഷ്ണവ് കൃഷ്ണകുമാറിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രിയോടെ വൈഷ്ണവിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും എന്നാണ് വിവരം. വൈഷ്ണവിൻ്റെ മരണം ഹൃദയാഘാതം കാരണമാണെന്നാണ് ദുബായ് പൊലീസിൻ്റെ ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികളെല്ലാം പൂർത്തിയായതായും കുടുംബം വൈഷ്ണവിൻ്റെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോകുമെന്നും അമ്മാവൻ നിതീഷിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്കുള്ള വിമാനത്തിൽ മൃതദേഹം കൊണ്ടുപോകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയുള്ള രേഖകൾ ദുബായ് പൊലീസിൽ നിന്നും കിട്ടിയതിന് പിന്നാലെ മറ്റുനടപടികൾ അതിവേഗം ബന്ധുക്കൾ പൂർത്തിയാക്കുകയായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത ശേഷം ചൊവ്വാഴ്ചയാണ് വൈഷ്ണവ് മരണപ്പെടുന്നത്. ദുബായിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ 18 വയസ്സുള്ള വൈഷ്ണവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് കുടുംബം പറയുന്നു. ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത് ഒരു മണിക്കൂറോളം നൃത്തം ചെയ്ത വൈഷ്ണവ് പരിപാടിക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
അക്കാദമിക് രംഗത്തെ മികവിനൊപ്പം ഒരു സംരംഭകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു വൈഷ്ണവ്. കുടുംബത്തിനും കൂട്ടുകാർക്കും അധ്യാപകർക്കും ഒരേ പോലെ വലിയ പ്രതീക്ഷയുണ്ടായിരുന്ന വൈഷ്ണവിൻ്റെ അകാലവിയോഗം ഉൾക്കൊള്ളാൻ ഉറ്റവർക്ക് ആർക്കും സാധിച്ചിട്ടില്ല. ഒരു പുതിയ ഫോണും ലാപ്പ്ടോപ്പും വാങ്ങേണ്ടി വന്നപ്പോൾ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ഒരു പാർട്ട് ടൈം ജോലി ചെയ്താണ് വൈഷ്ണവ് അതു വാങ്ങിയത്. അങ്ങനെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തം കാലിൽ ജീവിക്കണമെന്ന ചിന്തയുള്ള കുട്ടിയായിരുന്നു വൈഷ്ണവെന്ന് അമ്മാവൻ നിതീഷ് പറയുന്നു.
മികച്ച വിദ്യാർത്ഥിയായ വൈഷ്ണവിന് അക്കാദമിക് മികവിന് ഗോൾഡൻ വിസ ലഭിച്ചു. വൈഷ്ണവ് പഠിച്ച ജെംസ് ഔവർ ഓൺ ഇന്ത്യൻ സ്കൂളിലെ സ്കൂൾ കൗൺസിൽ മേധാവി കൂടിയായിരുന്നു. ഈ ദുരന്ത വാർത്ത ഉൾക്കൊള്ളാൻ ഇതുവരെ ഞങ്ങൾക്കാർക്കും സാധിച്ചിട്ടില്ല. സ്കൂളിന്റെ പ്രിൻസിപ്പലും സിഇഒയുമായ ലളിത സുരേഷ് പറയുന്നു”. വൈഷ്ണവിന്റെ അമ്മ വിധു കൃഷ്ണകുമാർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു അധ്യാപികയാണ്.





