തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. തിരുവനന്തപുരം മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ. 48 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് ജോയിയുടെ മൃതദേഹം തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നും കണ്ടെത്തിയത്. അതിരൂക്ഷമായ അളവിൽ മാലിന്യം നിറഞ്ഞ തോടിൽ കിടന്ന മൃതദേഹം ജീർണ്ണിച്ച നിലയിലായിരുന്നു.
മൃതദേഹം കണ്ടെത്തി ഉടൻ തന്നെ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് കേറ്റി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ജോയിയുടെ ബന്ധുക്കളും അപകടസമയത്ത് ഒപ്പം ജോലി ചെയ്തിരുന്ന തൊഴിലാളികളും മോർച്ചറിയിലെത്തി മൃതദേഹം കണ്ട് മരിച്ചത് ജോയി തന്നെയാണെന്ന് ഉറപ്പിച്ചു. പിന്നാലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ജോയിയുടെ വീട്ടിലേക്ക് എത്തിച്ചു. വീട്ടുകാരും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചതിന് പിന്നാലെ വീട്ടുവളപ്പിൽ തന്നെ മൃതദേഹം സംസ്കരിച്ചു.
അതേസമയം ജോയിയുടെ കുടുംബത്തിന് സഹായവാഗ്ദാനവുമായി സർക്കാർ രംഗത്ത് എത്തി. ജോയിയുടെ മാതാവ് മെൽഹിക്ക് അടിയന്തര സഹായമായി പത്ത് ലക്ഷം രൂപ നൽകും. ജോയിയുടെ അനുജന് റെയിൽവേയോ കേരളസർക്കാരോ ജോലി നൽകുമെന്നും വാഗ്ദാനമുണ്ട്. ജോയിയുടെ കുടുംബത്തിന് സഹായം നൽകുന്ന കാര്യത്തിൽ റെയിൽവേ നിലപാട് വ്യക്തമാക്കിയിട്ടില്ല. സർക്കാർ നൽകിയ ഉറപ്പ് വിശ്വസിച്ച് കൂടുതൽ പ്രതിഷേധങ്ങളിലേക്ക് പോകുന്നില്ലെന്ന് ജോയിയുടെ കുടുംബം പറഞ്ഞു





