ദുബായ്: കഴിഞ്ഞ ദിവസം ദുബായിൽ തീപിടിത്തത്തിൽ മരിച്ച ഇന്ത്യൻ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 8.45-ഓടെ സ്പൈസ് ജെറ്റ് വിമാനത്തിലാണ് മലപ്പുറം വേങ്ങര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം കരിപ്പൂരിലെത്തിച്ചത്. ദേരയിൽ ട്രാവൽസ് സ്ഥാപനത്തിൽ ബിസിനസ് ഡെപല്മെൻ്റ് മാനേജരായിരുന്ന റിജേഷ് കളങ്ങാടനും (38) അധ്യാപികയായിരുന്ന ഭാര്യ ജെഷിയും (32) ആണ് കഴിഞ്ഞ ദിവസം ദേര നൈഫിലെ അപ്പാർട്ട്മെൻ്റിലുണ്ടായ അഗ്നിബാധയിൽ മരിച്ചത്. ഇവരടക്കം ആകെ 16 പേരാണ് ദുരന്തത്തിൽ മരിച്ചത്.
വർഷങ്ങളായി ദേരയിൽ താമസിക്കുന്ന ദമ്പതികളുടെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നിരിക്കുകയാണ് ഇവരുടെ സുഹൃത്തുകളും അപ്പാർട്ടമെൻ്റിലെ അയൽവാസികളും. എല്ലാവരോടും ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന റിജേഷും ജെഷിയും ഫ്ലാറ്റിൽ വച്ച് വിഷു ആഘോഷിക്കുകയും ഇഫ്താർ വിരുന്നിനായി അപ്പാർട്ട്മെൻ്റിലെ മറ്റു മലയാളികളെ ഈ ആഴ്ച വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നുവെന്ന് സുഹൃത്തുകളെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
തീപിടിത്തമുണ്ടായ 405 ഫ്‌ളാറ്റിനോട് ചേർന്നുള്ള 406ാം മുറിയിൽ താമസിച്ചിരുന്ന ദമ്പതികൾ അപ്പാട്ട്മെൻ്റിലുണ്ടായിരുന്ന എല്ലാവരുമായും സൗഹൃദത്തിലായിരുന്നുവെന്ന് 409-ാം നമ്പർ അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന മലപ്പുറം സ്വദേശി റിയാസ് കൈക്കമ്പം പറയുന്നു. “അടുത്തുള്ള കെട്ടിടത്തിലാണ് അവർ നേരത്തെ താമസിച്ചിരുന്നത്. രണ്ട് വർഷം മുൻപാണ് അവർ ഞങ്ങളുടെ കെട്ടിടത്തിലേക്ക് മാറിയത്. മുമ്പ് ഓണത്തിനും വിഷുവിനും ഉച്ചഭക്ഷണത്തിനും അവർ ഞങ്ങളെ ക്ഷണിച്ചിരുന്നു. ഇത്തവണ റമദാൻ ആയതിനാൽ ഇഫ്താറിന് വരാൻ പറഞ്ഞു. അപ്പാർട്ട്മെൻ്റിന് പുറത്തു വച്ച് അപകടത്തിന് കുറച്ചു സമയം മുൻപും അവരെ ഞാൻ കണ്ടിരുന്നു – റിയാസ് പറഞ്ഞു.
അഗ്നിബാധയുണ്ടായതിന് പിന്നാലെ റിജേഷിനെ റിയാസടക്കമുള്ള അയൽവാസികൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. വാട്സാപ്പിൽ ഉച്ചയ്ക്ക് 12.35-നാണ് റിജേഷിൻ്റെ ലാസ്റ്റ് സീൻ കാണിച്ചതെന്ന് ഇവർ പറയുന്നു. എനിക്ക് ഞായറാഴ്ച നാട്ടിൽ പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിച്ചത് റിജേഷായിരുന്നു, ഇഫ്താർ വിരുന്നിന് വീട്ടിലേക്ക് ക്ഷണിച്ചാണ് പിരിഞ്ഞത്.. എന്നിട്ടിപ്പോൾ അവരില്ലാത്ത അവസ്ഥ ഉൾക്കൊള്ളാൻ പോലും പറ്റുന്നില്ല – റിയാസ് ദുഖത്തോട് പറയുന്നു.
റിജേഷിൻ്റേയും ജെഷിയുടേയും മരണത്തിൽ ആകെ തകർന്ന അവസ്ഥയിലാണ് നൈഫിലെ മറ്റു മലയാളികൾ. ഞങ്ങളുടെ അയൽവാസികളായിരുന്നു അവർ. എല്ലാ ദിവസവും കാണുകയും സംസാരിക്കുകയും ചെയ്തിരുന്ന ആളുകളാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. സുഹൃത്തുകളായ 16 പേർ മരിച്ച ഇതേ ഫ്ലാറ്റിൽ ഇനിയും ജീവിക്കേണ്ടി വരുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഞങ്ങൾ – റിജേഷിൻ്റെ അയൽവാസിയായ സുഹൈൽ കോപ്പ പറയുന്നു.
നാട്ടിൽ പുതുതായി നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശനത്തിനായി അടുത്ത മാസം വരാനിരിക്കുമ്പോൾ ആണ് അപ്രതീക്ഷിത ദുരന്തം റിജേഷിനേയും ജെഷിയേയും തേടിയെത്തിയതെന്ന് ഇവരുടെ ബന്ധുക്കൾ പറയുന്നു. വിഷുവിന് ദമ്പതികൾ നാട്ടിലേക്ക് വിളിക്കുകയും ബന്ധുക്കളുമായെല്ലാം സംസാരിക്കുകയും ചെയ്തിരുന്നു. വീട് പണി പൂർത്തിയായതിൻ്റെ സന്തോഷത്തിലായിരുന്നു ഇരുവരും അടുത്ത മാസം നാട്ടിൽ വരുമ്പോൾ എല്ലാവരേയും കാണാം എന്നു പറഞ്ഞാണ് ഫോൺ വച്ചത്. ദുരന്ത വാർത്ത അറിഞ്ഞതോടെ ആകെ തകർന്ന അവസ്ഥയിലാണ് ഇരുവരുടേയും മാതാപിതാക്കൾ – റിജേഷിൻ്റെ പിതൃസഹോദരൻ സുബ്രഹ്മണ്യൻ ഗൾഫ് ന്യൂസിനോട് പറഞ്ഞു.
വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയങ്കരിയായിരുന്ന അധ്യാപികയായിരുന്ന മരിച്ച ജെഷി. ദുബായിലെ ക്രസന്റ് സ്‌കൂളിൽ അഞ്ച് വർഷത്തോളം ജോലി ചെയ്തിരുന്ന ജെഷി ഈ അക്കാദമിക്ക് വർഷം മുതലാണ് വുഡ്‌ലെം പാർക്ക് സ്‌കൂളിലേക്ക് മാറിയത്. എല്ലാവരോടും നന്നായി പെരുമാറുകയും ഓടിനടന്ന് ജോലി ചെയ്യുകയും ചെയ്ത അധ്യാപികയായിരുന്ന ജെഷിയെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.
“ഏപ്രിൽ 1 മുതലാണ് ജെഷി ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയത്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അവൾ എല്ലാവരുമായും സൗഹൃദത്തിലായിരുന്നു. അടുത്തിടെ സ്കൂൾ നടത്തിയ ഇഫ്താർ പരിപാടിയിൽ ടീച്ചർ സജീവമായി പങ്കെടുത്തിരുന്നു. അപകട വാർത്ത വന്നതോടെ എല്ലാവരും ഞെട്ടലിലാണ്. എന്റെ മകളുടെ ടീച്ചർ കൂടിയായിരുന്നു ജെഷി- വുഡ്ലെം പാർക്ക് സ്കൂൾ ഗ്രൂപ്പ് എച്ച്ആർ മാനേജർ പൂർണിമ നമ്പ്യാർ പറഞ്ഞു. ജെഷിയെ അറിയുന്ന എല്ലാവർക്കും ഇത് വലിയ നഷ്ടമാണെന്ന് ക്രസന്റ് സ്‌കൂളിലെ മുൻ സഹപ്രവർത്തകൻ ജയസീമ പ്രതികരിച്ചു. എല്ലാവരോടും സൗഹാർദ്ദപൂർവ്വം ഇടപെടുകയും സഹായം ചെയ്യുകയും ചെയ്യുന്ന ആളായിരുന്നു ജെഷി. ഒരുപാട് സുഹൃത്തുകളുണ്ടായിരുന്നു അവൾക്ക്. ഇങ്ങനെയൊരു ദുരന്തം അവൾക്കും റിജേഷിനും ഉണ്ടായെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. നാട്ടിലേക്ക് അയക്കും മുൻപ് അവളെ അവസാനമായി ഒരു നോക്ക് കാണാനുള്ള ശ്രമത്തിലാണ് ഞങ്ങൾ – ജയസീമ കണ്ണീരോടെ പറയുന്നു.