യുഎഇയിലെ പിതാവ് ആരെന്നറിയാത്ത കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകുന്ന നിയമം പ്രാബല്യത്തിൽ വന്നു. യു.എ.ഇയിലെ ജനന-മരണ രജിസ്ട്രി നിയന്ത്രിക്കുന്ന ഡിക്രി നമ്പർ 10-2022 പ്രകാരം പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുതിയ ഫെഡറൽ നിയമം പുറപ്പെടുവിച്ചത്. മാതാപിതാക്കളുടെ വൈവാഹിക നിലയും പിതാവ് ആരെന്നത് പരിഗണിക്കാതെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കുട്ടികളുടെ അവകാശവുമാണ് പുതിയ നിയമം അംഗീകരിക്കുന്നത്. അതേസമയം ജുഡീഷ്യൽ അധികാരികൾക്ക് കൃത്യമായ പേപ്പറുകൾ സമർപ്പിച്ചുകൊണ്ട് അമ്മമാർക്ക് ഈ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യാം.
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നും രണ്ട് പേജുള്ള ജനന രജിസ്ട്രേഷൻ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ചു നൽകുന്നതിനോടൊപ്പം രണ്ട് ആവശ്യമായ രേഖകൾ കൂടി അമ്മ നൽകണം. ജനന അറിയിപ്പ്, മാതാവിന്റെ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്‌പോർട്ടിന്റെ പകർപ്പ് തുടങ്ങിയവയാണ് സമർപ്പിക്കേണ്ട രേഖകൾ. കോടതി ഉത്തരവ് അപേക്ഷയുടെ രണ്ടാം പേജിൽ സാക്ഷ്യപ്പെടുത്തണം.
അറബ് മേഖലയുടെ ചരിത്രത്തിലെ പ്രധാന നിയമപരമായ വികസനമായി പുതിയ ജനന രജിസ്ട്രി നിയന്ത്രണ നിയമം കണക്കാക്കാമെന്ന് യുഎഇയിലെ നിയമ വിദഗ്ധനായ ഹെഷാം എൽറാഫി പറഞ്ഞു. പിതാവ് അജ്ഞാതനാണെങ്കിൽ കുഞ്ഞിനെ രജിസ്റ്റർ ചെയ്യാനുള്ള അമ്മയുടെ അവകാശം ഒരു അറബ് രാജ്യം ആദ്യമായാണ് അംഗീകരിക്കുന്നത്. യുഎഇയിലെ നിയമങ്ങൾ ആളുകളെ സന്തോഷിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയ്ക്കും വ്യക്തിക്കും ജീവിതം എളുപ്പമാക്കുന്നതിനുമുള്ളതാണ്. സിവിൽ വിവാഹ നിയമം മുതൽ തെറ്റില്ലാത്ത വിവാഹമോചനം , ഗോൾഡൻ വിസ തുടങ്ങി ഈ മേഖലയിൽ മറ്റൊരിടത്തും ഇത് കാണാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.