അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ബയോമെട്രിക് പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കംകുറിച്ചു. അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെക്സ്റ്റ് 50 എന്ന സാങ്കേതികവിദ്യാ സ്ഥാപന മാണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ബയോമെട്രിക് സൗകര്യം സജ്ജീകരിക്കുന്നത്. സെൽഫ് സർവിസ് ബാഗേജ് ടച്ച്പോയൻറുകൾ, ഇമിഗ്രേഷൻ ഇ-ഗേറ്റുകൾ, ബോർഡിങ് ഗേറ്റ് എന്നിവിടങ്ങളിൽ നിർമിത ബുദ്ധിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ബയോമെട്രിക് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
അതേസമയം പദ്ധതി പ്രാവർത്തികമാവുന്നതോടെ യാത്രക്കാർ വിവിധയിടങ്ങളിൽ നേരിടുന്ന കാലതാമസം ഒഴിവാക്കാനാവുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അത്യാധുനിക ബയോമെട്രിക് ക്യാമറകളിലൂടെ യാത്രികരുടെ വിവരങ്ങൾ അതിവേഗം തിരിച്ചറിയാനും ഇതിലൂടെ സാധിക്കും.
ബാഗേജ് ഡ്രോപ്, പാസ്പോർട്ട് കൺട്രോൾ, ബിസിനസ് ക്ലാസ് ലോഞ്ച്, ബോർഡിങ് ഗേറ്റ് എന്നിവിടങ്ങളിൽ യാത്രികർക്ക് താമസം കൂടാതെ അതിവേഗം കടന്നുപോവാനും കഴിയും. ഇത്തരത്തിൽ ബയോമെട്രിക് സൗകര്യം പൂർണതോതിൽ നടപ്പാക്കിയാൽ ഈ മേഖലയിലെ ആദ്യ വിമാനത്താവളമാകും അബൂദബി അന്താരാഷ്ട്ര വിമാനത്താവളമെന്ന് നെക്സ്റ്റ് 50 സി.ഇ.ഒ ഇബ്രാഹിം അൽ മനാഇ പറഞ്ഞു.